തിരുവനന്തപുരം: എംപി ജോൺ ബ്രിട്ടാസ് കേരള സർവകലാശാലയിൽ നടത്താനിരുന്ന പ്രഭാഷണം തടഞ്ഞ് വൈസ് ചാന്‍സലര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ മുൻനിർത്തിയാണ് നടപടി. ‘ഇന്ത്യൻ ജനാധിപത്യം, വെല്ലുവിളികളും കടമകളും’ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം സംഘടിപ്പിച്ചിരുന്നത്. ഇടതു ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.15ന് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഹാളിൽ വെച്ചാണ് പരിപാടി നടക്കേണ്ടിയിരുന്നത്.
അതേസമയം, പരിപാടി നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോ യൂണിവേഴ്സിറ്റി റജിസ്ട്രാറോ നിർദേശം നൽകിയിട്ടില്ലെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. എല്ലാ മാസവും പ്രഭാഷണ പരമ്പര നടക്കാറുള്ളതാണ്. പ്രഭാഷണ പരമ്പരയ്ക്ക് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധമില്ല. യൂണിയൻ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.