കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം പി നിർവ്വഹിച്ചു. വിവിധ പദ്ധതികൾക്കായി 90 ലക്ഷം രൂപയും കൊച്ചിൻ കോർപ്പറേഷന്റെ 30 ലക്ഷം രൂപയും ഏകീകരിച്ചുകൊണ്ട് ഒന്നേകാൽ കോടി രൂപയുടെ നവീകരണ, നിർമ്മാണ പരിപാടികളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
മെഡിക്കൽ വാർഡ് ട്രോമാ സമുച്ചയത്തിന്റെ മൂന്നാമത്തെ നില 40 കിടക്കകളോട് കൂടി എച്ച്ഡിഎസ് ഫണ്ട് ഉപയോഗിച്ച് നവീകരിച്ചു. അമ്മയുടെ മരണം, രോഗബാധ, മുലപ്പാലിന്റെ അപര്യാപ്തത എന്നീ ഘട്ടങ്ങളിൽ നവജാത ശിശുക്കൾക്ക് മുലപ്പാൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹ്യൂമൻ മിൽക്ക് ബാങ്ക് അത്യാധുനിക സൗകര്യങ്ങളോടെ എംബിഎഫ്എച്ച്ഐ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ലേബർ റൂമിന് സമീപത്തായി മാറ്റി സ്ഥാപിച്ചു. ഹ്യൂമൻ മിൽക്ക് ബാങ്ക് കൂടുതൽ ജനകീയമാവുകയും മിൽക്ക് ബാങ്കിന്റെ സേവനം കൂടുതൽ ആളുകളുടെ ഇടയിലേക്ക് എത്തുവാനും സാധിക്കുമെന്ന് എം പി അഭിപ്രായപ്പെട്ടു.
ജീവനക്കാരുടെ നിരന്തര ആവശ്യമായ സ്റ്റാഫ് ചെയിഞ്ചിങ് & ഡൈനിങ്ങ് ഏരിയയും എം പി ജീവനക്കാർക്കായി സമർപ്പിച്ചു. ഇതോടെ ജീവനക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനും ഡ്രസ്സ് ചേഞ്ച് ചെയ്യുന്നതിനും ലോക്കർ ഫെസിലിറ്റിയോട് കൂടിയുള്ള പുതിയ സംവിധാനം നിലവിൽ വരും. കൊച്ചിൻ കോർപ്പറേഷന്റെ പ്ലാൻ ഫണ്ട് ആയ 30 ലക്ഷം രൂപ ഉപയോഗിച്ച് മൈക്രോ ബയോളജി ലാബിലേക്കുള്ള എലൈസ റീഡർ വികസന കാര്യ സ്റ്റാ൯ഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആ൪. റെനീഷ് ആശുപത്രി സൂപ്രണ്ടിന് നൽകി. കൊച്ചിൻ കോർപ്പറേഷൻ പ്ലാൻ ഫണ്ട് ഉപയോഗിച്ച് മൈക്രോബയോളജി ലാബിലേക്കുള്ള അനലൈസർ ആരോഗ്യ മേഖലയിലേക്ക് നൽകുന്ന ശക്തമായ പിന്തുണയുടെ നേർക്കാഴ്ചയാണെന്ന് റെനീഷ് പറഞ്ഞു. ഹിസ്റ്റോപാത്തോളജി ലാബിലേക്കുള്ള ഗ്രോസിങ് സ്റ്റേഷനും ഉത്ഘാടനം ചെയ്തു. ഇതോടെ കൂടുതൽ ലളിതവും സമഗ്രവുമായി എച്ച്ഐവി, എച്ച് ബി എസ്, ഐ ജി ഡെങ്കു ലെപ്റ്റോ തുടങ്ങി നിരവധിയായ എലൈസ ടെസ്റ്റുകൾ നടത്തുവാൻ സാധിക്കും.
ഇത്തരത്തിലുള്ള സൗകര്യം ലഭിക്കുന്ന സംസ്ഥാനത്തെ തന്നെ ചുരുക്കം ആശുപത്രികളിൽ നന്നായി എറണാകുളം ജില്ലാ ആശുപത്രി മാറി. ദേശീയതലത്തിലും സംസ്ഥാനത്തലത്തിലുമുള്ള ഗുണനിലവാര പുരസ്കാരങ്ങളായ എ൯എബിഎച്ച്, എ൯ക്യുഎഎസ്, കായകൽപ്, ലക്ഷ്യ, മദർ ആൻഡ് ബേബി ഫ്രണ്ട്ലി ഹോസ്പിറ്റൽ സെർട്ടിഫിക്കേഷൻ, 2024 സംസ്ഥാന സർക്കാരിന്റെ മലിനീകരണ നിയന്ത്രണ ബോർഡ് പുരസ്കാരം എന്നിവ സ്വായക്തമാക്കിയ എറണാകുളം ജനറൽ ആശുപത്രി കൂടുതൽ ഉയരങ്ങളിലേക്കുള്ള യാത്രയിലാണ്. ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ടി ജെ വിനോദ് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പത്മജ എസ് മേനോ൯, എച്ച്ഡിഎസ് അംഗങ്ങളായ എം പി രാധാകൃഷ്ണൻ, മുഹമ്മദ് ഹസ്സൻ, ജി ജയേഷ്, പി എസ് പ്രകാശൻ, ഡോ. അനു സി കൊച്ചുകുഞ്ഞ്, ഡോ. അഗസ്റ്റിൻ തോമസ്, ലോ സെക്രട്ടറി & ട്രെഷറർ കെ വി പാർത്ഥസാരഥി, നഴ്സിംഗ് സൂപ്രണ്ട് ബിന്ദു കെ കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷാ, ആർ എം ഓ ഡോ. ഷാബ് ഷെരീഫ് തുടങ്ങിയവ൪ പങ്കെടുത്തു.