ചെന്നൈ: ഔദ്യോഗികമായി പ്രധാനമന്ത്രി സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുൻപ് ചെന്നൈ - നാഗർകോവിൽ റൂട്ടിൽ സ്പെഷ്യൽ ട്രെയിനായി വന്ദേ ഭാരത് സർവീസ് ആരംഭിച്ചു. തെക്കൻ കേരളത്തിലുള്ളവർക്ക് ചെന്നൈയിലേക്ക് അതിവേഗത്തിൽ എത്താൻ കഴിയുന്ന സർവീസാണിത്. നേരത്തെ ട്രയൽ റൺ നടത്തി ഫ്ലാഗ് ഓഫ് നിശ്ചയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ചെന്നൈ യാത്ര മാറ്റിവെച്ചതിനാൽ നീണ്ട് പോവുകയായിരുന്നു. പുതിയ തീയതി പ്രഖ്യാപിക്കാതെ ആയതോടെയാണ് റൂട്ടിൽ സ്പെഷ്യൽ ട്രെയിനായി വന്ദേ ഭാരത് ഓടിക്കാൻ റെയിൽവേ തീരുമാനിച്ചത്.
ഇരുദിശകളിലേക്കും എട്ടുവീതം സർവീസുകളാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് റിസർവേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള നാഗർകോവിൽ ട്രെയിനുകളും ബസുകളും ഉപയോഗിച്ച് മലയാളികൾക്ക് വന്ദേ ഭാരതിൽ യാത്ര ചെയ്യാനാകും. സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് എന്നെല്ലാമെന്നും ടിക്കറ്റ് നിരക്കും അറിയാം.
06067 ചെന്നൈ എഗ്മോർ - നാഗർ കോവിൽ വന്ദേ ഭാരത് സ്പെഷ്യൽ ജൂലൈ 11, 12, 13, 14, 18, 19, 20, 21 തീയതികളിൽ രാവിലെ അഞ്ച് മണിക്കാണ് യാത്ര ആരംഭിക്കുക. തുടർന്ന് ഉച്ചയ്ക്ക് 1:50ന് നാഗർകോവിലിൽ എത്തിച്ചേരും. വ്യാഴം, വെള്ളി, ശനി ഞായർ ദിവസങ്ങളിലാണ് ഈ സർവീസ്. മടക്കയാത്ര അതേദിവസം 2:20ന് നാഗർകോവിലിൽ നിന്ന് ആരംഭിച്ച് രാത്രി 11 മണിക്ക് ചെന്നൈയിൽ എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ചെന്നൈ - നാഗർകോവിൽ യാത്രയുടെ ടിക്കറ്റ് നിരക്ക് ചെയർ കാറിന് 1605 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 3245 രൂപയുമാണ്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് സ്പെഷ്യ ട്രെയിൻ പ്രഖ്യാപിച്ചതെന്ന് റെയിൽവേ അറിയിച്ചു. പുതിയ ട്രെയിൻ ട്രാക്കിലെത്തുന്നതോടെ തിരുവനന്തപുരം - ചെന്നൈ യാത്രയുടെ സമയം കുറയും. ചെന്നൈയിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് അതിവേഗം നാട്ടിലെത്താൻ കഴിയുമെന്നതാണ് പ്രത്യേകത.
ചെന്നൈ - നാഗർകോവിൽ റൂട്ടിൽ മറ്റു ട്രെയിനുകൾ 11 മുതൽ 13 മണിക്കൂർവരെ സമയം എടുക്കുമ്പോൾ വന്ദേ ഭാരത് 8 മണിക്കൂർ 50 മിനിറ്റുകൊണ്ട് യാത്ര പൂർത്തിയാക്കും.