മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണം: മന്ത്രി പ്രസാദ്

ജീവിതശൈലീ രോഗങ്ങളെ ചെറുത്തുകൊണ്ടുള്ള ആരോഗ്യ സംരക്ഷണത്തിന് മില്ലെറ്റുകളുടെ ഉത്പ്പാദനത്തിനു പരിഗണന നല്‍കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിന് മില്ലെറ്റുകളുടെ ഉത്പ്പാദനത്തിനു പരിഗണന നല്‍കണമെന്നും മന്ത്രി പറഞ്ഞു.

author-image
Prana
New Update
p prasad

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാന്‍ കാര്‍ഷിക വിളകളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം വ്യാപകമാക്കണമെന്ന് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. ജീവിതശൈലീ രോഗങ്ങളെ ചെറുത്തുകൊണ്ടുള്ള ആരോഗ്യ സംരക്ഷണത്തിന് മില്ലെറ്റുകളുടെ ഉത്പ്പാദനത്തിനു പരിഗണന നല്‍കണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തനം ആരംഭിക്കുന്ന കേരളഗ്രോ, മില്ലറ്റ് കഫേ  വിപണനകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഉള്ളൂര്‍ ജംഗ്ഷന് സമീപം ഗാര്‍ഡന്‍ റോസ് കൃഷിക്കൂട്ടത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
അട്ടപ്പാടിയില്‍ മില്ലെറ്റ് സംസ്‌കരണ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴയിലും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കേരളത്തിലെ 1076 കൃഷിഭവനുകളിലൂടെ മൂവായിരത്തിലധികം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതില്‍ 800 ഉല്‍പ്പന്നങ്ങള്‍ കേരളഗ്രോ ബ്രാന്‍ഡിലേക്കു മാറിയിട്ടുണ്ട്. നൂറിലധികം ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണ സൈറ്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഉല്‍പ്പന്നങ്ങള്‍ക്ക്  ആവശ്യകത ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ തനതു ഉല്‍പ്പന്നങ്ങള്‍ ജില്ലകളില്‍ ലഭ്യമാക്കാനാണ് കേരളഗ്രോ ബ്രാന്‍ഡ് ഷോപ്പുകളും മില്ലെറ്റ് കഫേകളും ആരംഭിച്ചത്.  കര്‍ഷകര്‍, കര്‍ഷക ഗ്രൂപ്പുകള്‍, കൃഷിക്കൂട്ടങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, കേരളത്തിലെ ഫാമുകള്‍ എന്നിവയാണ് വിപണനത്തിനായി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും ചെറുധാന്യ ഉല്‍പ്പന്നങ്ങളും തയ്യാറാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച  ചടങ്ങില്‍ മാലാ പാര്‍വ്വതി, കൃഷി വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് മീന ടി ഡി,  അഡീഷണല്‍ ഡയറക്ടര്‍ എ ജെ സുനില്‍,   ജില്ലാ കൃഷി ഓഫീസര്‍ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

minister p prasad