കൈക്കൂലി കേസില്‍ മലപ്പുറം തിരൂരില്‍ എസ്എച്ച്ഒയ്ക്കും എസ്ഐക്കും സസ്പെന്‍ഷന്‍. ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വളാഞ്ചേരി എസ്ഐക്കും എസ്എച്ച്ഒ സുനില്‍ ദാസ് (53), എസ്ഐ പിബി ബിന്ദുലാല്‍ (48) എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. മലപ്പുറം എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്ഐ ബിന്ദുലാലിന്റെ അറസ്റ്റും രേഖപ്പെടുത്തി. എസ്എച്ച്ഒ സുനില്‍ ദാസ് ഒളിവിലാണ്.
സ്ഫോടകവസ്തു പിടിച്ചെടുത്ത കേസിലെ പ്രതിയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. കഴിഞ്ഞ മാര്‍ച്ചിലാണ് എസ്ഐ ബിന്ദുലാലും ഇന്‍സ്പെക്ടര്‍ സുനില്‍ ദാസും ചേര്‍ന്ന് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. കേസില്‍ പ്രതിയായ തിരൂര്‍ മുത്തൂര്‍ സ്വദേശി നിസാറിനെയും കൂട്ടാളികളെയും റിമാന്‍ഡിലാക്കുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തി. ഇവരുടെ കൂടെയുള്ള ചില ഭൂവുടമകള്‍ക്കെതിരെ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കൈക്കൂലി ആവശ്യപ്പെട്ടു. ഇതുപ്രകാരം ബിന്ദുലാല്‍ പത്ത് ലക്ഷം രൂപയും സുനില്‍ ദാസ് എട്ടുലക്ഷം രൂപയും കൈക്കൂലിയായി വാങ്ങി. ഇടനിലക്കാരനായി നിന്ന അസൈനാര്‍ നാലുലക്ഷം രൂപയും കൈപ്പറ്റി.