ഇമ്മിണി ബല്യ സുൽത്താൻ! ബഷീറിൻ്റെ ഓർമ്മയ്ക്ക് 30 വയസ്സ്

ജീവിതത്തിന്റെയും പ്രണയത്തിന്റെ ലാന്‍ഡ്സ്‌കേപ്പ് ഒരുക്കിവച്ച് ബഷീര്‍ കടന്നുപോയിട്ട് മുപ്പത് വര്‍ഷമാകുന്നു.

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

ഹരിദാസ് ബാലകൃഷ്ണന്‍

മലയാളിയുടെ വായനാലോകത്തെ നിത്യഹരിതനായികയും നായകനുമായ സുഹറയ്ക്കും മജീദിനും എണ്‍പത് വയസ്സാകുന്നു. ബഷീറിന്റെ ആത്മകഥയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ബാല്യകാലസഖി ബഷീറിന്റെ ഇതര നോവലുകളില്‍ വച്ച് ഏറ്റവും മഹത്തായതാണ്, എന്നു മാത്രമല്ല ബഷീറിന്റെ മാസ്റ്റര്‍പീസായ നോവലേതാണെന്ന് ചോദിച്ചാല്‍ ബാല്യകാല സഖിയെന്നായിരിക്കും ഉത്തരം. പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് മുസ്ലീം കുടുംബങ്ങളുടെ കഥ പറയുന്ന ബാല്യകാലസഖി ദാരിദ്ര്യത്തിന്റെയും ജീവിതസംഘര്‍ഷങ്ങളുടെയും ഉത്തമഉദാഹരണമാണ്. ദാരിദ്ര്യവും ജീവിതസംഘര്‍ഷങ്ങളും യാത്രകളും അനുഭവങ്ങളമാണ് ബഷീറിനെ വിശ്വവിഖ്യാതനായ എഴുത്തുകാരനാക്കിയത്. ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി അയാളുടെ കൃതികള്‍ ഭാവിയില്‍ വായിക്കപ്പെടുകയോ ചര്‍ച്ചചെയ്യപ്പെടുകയോ ചെയ്യുമോ എന്നതാണ്. ബഷീറിനെ സംബന്ധിച്ചിടത്തോളം 80 വയസ്സാകുന്ന ബാല്യകാലസഖി ഉള്‍പ്പെടെയുള്ള എല്ലാ കൃതികളും വീണ്ടും വീണ്ടു വായിക്കപ്പെടുന്നു, വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു എന്നതാണ്. മലയാളത്തില്‍ വിജയനെപ്പോലെയോ മാധവിക്കുട്ടിയെപ്പോലെയോ ഉള്ള വളരെ ചുരുക്കം ചില എഴുത്തുകാര്‍ക്കേ ഇത്തരത്തിലുള്ള ഭാഗ്യമുണ്ടായിട്ടുള്ളു.


''ഓര്‍മ്മകള്‍, വാക്കുകള്‍, പ്രവൃത്തികള്‍, മുഖഭാവങ്ങള്‍, ചിത്രങ്ങള്‍, മനസ്സിലൂടെ എന്തെല്ലാമാണ് പാഞ്ഞുവരുന്നത്! മരിക്കുന്നതിന് മുമ്പ് മജീദ് വന്നോ വന്നോ എന്നു ചോദിച്ചു.''
''അന്ന് മജീദ് യാത്രപറഞ്ഞിറങ്ങാന്‍ തുടങ്ങുകയായിരുന്നു. സുഹ്റാ എന്തോ പറയാന്‍ ആരംഭിച്ചു. മുഴുമിക്കുന്നതിന് മുമ്പ് ബസിന്റെ ഹോണ്‍ തുരുതുരാ ശബ്ദിച്ചു. ഉമ്മ കയറിവന്നു. മജീദ് മുറ്റത്തേക്കിറങ്ങി പൂന്തോട്ടത്തിലൂടെ പടിയിറങ്ങി... നിറഞ്ഞ നയനങ്ങളോടെ ചെമ്പരത്തിയില്‍ പിടിച്ചുകൊണ്ട് പൂന്തോട്ടത്തില്‍ സുഹ്റാ പറയാന്‍ തുടങ്ങിയത് അപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നിരിക്കണം. എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്റാ പറയാന്‍ തുടങ്ങിയത്?''

 സുഹ്റാ പറയാതെ പോയത്, മജീദ് കേള്‍ക്കാന്‍ അഗ്രഹിച്ചത് അതല്ലേ എല്ലാ ജീവിതത്തിന്റെയും ബാക്കിപത്രം. ബാല്യകാലസഖി എന്ന ആത്മകഥാപരമായ നോവലിലൂടെ ജീവിതത്തിന്റെ മാറിമറിയല്‍ സമാനതകളില്ലാത്തവണ്ണം ബഷീര്‍ പറയുന്നു. കാലം ജീവിതങ്ങളെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന്റെ ഏറ്റവും തീവ്രമായ ഉദാഹരണമാണ് ഈ നോവല്‍. ഒരപകടത്തില്‍പ്പെട്ട് മജീദിന്റെ വലതുകാല്‍ നഷ്ടപ്പെടുന്നു. പക്ഷേ മജീദിന് ജീവിക്കാന്‍ സുഹ്റയുടെ ഓര്‍മ്മകളുണ്ട്. സുഹ്റയുടെ പ്രണയമുണ്ട്. പക്ഷേ ആ പ്രതീക്ഷയെ തകര്‍ത്തുകൊണ്ട് മജീദിന് അവന്റെ ഉമ്മയുടെ കത്ത് വരുന്നു. ''പ്രിയപ്പെട്ട മകന്‍ മജീദ് വായിച്ചറിയുവാന്‍ സ്വന്തം ഉമ്മ എഴുതുന്നത്, മിനിയാന്ന് വെളുപ്പിന് നമ്മുടെ സുഹ്റ മരിച്ചു. അവളുടെ വീട്ടില്‍ വച്ച് എന്റെ മടിയില്‍ തലവച്ച് പള്ളിപ്പറമ്പില്‍ അവളുടെ ബാപ്പയുടെ ഖബറിനരികിലാണ് സുഹ്റയെ മറവുചെയ്തിരിക്കുന്നത്.'' സുഹ്റയുടെ മരണത്തോടെ ജീവിച്ചിരിക്കുന്ന മജീദും മരിക്കുന്നു.


പത്ത് കൊല്ലത്തെ ഊരുചുറ്റലിനു ശേഷം മജീദ് മടങ്ങിവന്നപ്പോള്‍ തന്റെ ലോകൈകസുന്ദരിയായ സുഹ്റാ ഭാര്യയും കുട്ടികളുമുള്ള ഒരു ഇറച്ചിവെട്ടുകാരന്റെ രണ്ടാം ഭാര്യയായി. ഭര്‍ത്താവിന്റെ അടിയും തൊഴിയുമേറ്റ് ഒരു പല്ലു നഷ്ടപ്പെട്ട വിശപ്പടക്കാന്‍ ഭക്ഷണം പോലും ലഭിക്കാതെ ക്ഷയരോഗിയായി, കവിളൊട്ടി, കൈവിരലുകളുടെ ഏപ്പുകള്‍ മുഴച്ച് നഖങ്ങള്‍ തേഞ്ഞ്, ആകെ വിളര്‍ത്ത് കാതുകളിലെ കറുപ്പുനൂലുകള്‍ മുടികൊണ്ട് മറച്ച്  ദാരിദ്ര്യവും കാലവും സുഹ്റയെ വികൃതമാക്കിമാറ്റിയിരിക്കുന്നുവെന്ന് എത്ര മനോഹരമായാണ് ബഷീര്‍ പറഞ്ഞത്.


സ്‌കൂളില്‍ പോയി പഠിക്കാന്‍ ഏറ്റവും ആഗ്രഹമുണ്ടായിരുന്നു സുഹ്റയ്ക്ക്. അവള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. പക്ഷേ ദാരിദ്ര്യം നിമിത്തം അവള്‍ക്കതിനായില്ല. ദാരിദ്ര്യമാണ് ഈ നോവലിലെ വില്ലന്‍. ദാരിദ്ര്യത്തിന് പുറമെ അക്കാലത്തെ വ്യവസ്ഥിതിയും ഈ നോവലില്‍ വില്ലനായി പ്രത്യക്ഷപ്പെടുന്നു. മജീദിന്റെയും സുഹ്റയുടെയും പ്രണയത്തിനും വെല്ലുവിളിയായി ദാരിദ്ര്യം നിലകൊള്ളുന്നു. ഈ കൃതിയിലൊരിടത്ത് ബഷീര്‍ തന്നെ പറയുന്നുണ്ട്, 'ദാരിദ്ര്യം ഭയങ്കര വ്യാധിയാണ്. അത് ശരീരത്തെയും ഹൃദയത്തെയും ആത്മാവിനെയും നശിപ്പിച്ചുകളയുന്നു. അങ്ങനെ ശരീരവും ഹൃദയവും ആത്മാവും നശിച്ച നാനാജാതികളിലായി ലക്ഷോപലക്ഷം സ്ത്രീപുരുഷന്‍മാര്‍'. അന്നത്തെ സാമൂഹിക വ്യവസ്ഥിതി ചുരുക്കം ചില വരികളിലൂടെ ഈ നോവലില്‍ ഒരാല്‍ബത്തിലെന്ന പോലെ ബഷീര്‍ കാണിച്ചുതരുന്നു. കഥയുടെ തുടക്കത്തില്‍ മജീദിന്റെ വാപ്പ ആ നാട്ടിലെ പ്രമാണിയാണ്. സുഹ്റയുടെ ബാപ്പ ദരിദ്രനും. പക്ഷേ മജീദിന്റെ പ്രമാണിയായ ബാപ്പയെ കാലം ദരിദ്രനാക്കുന്നു. ഈ നോവലിലുടനീളം ദാരിദ്ര്യം ഒരു കഥാപാത്രത്തെ പോലെ നോവലിനെ നയിക്കുന്നു.


ഈ നോവലില്‍ ബഷീര്‍ വാക്കുകള്‍ കൊണ്ട് വരച്ചുചേര്‍ത്ത പ്രണയത്തിന്റെ ലാന്‍ഡ്സ്‌കേപ്പിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കട്ടെ.
'''സുഹ്റാ എന്തിനാ എന്നെ മാന്തിയത്?' 'എന്നച്ചെറ്ക്കന്‍ നീന്നു വിളിച്ചതോ?' മജീദ് അത്ഭുതം അഭിനയിച്ചു. 'എപ്പളാണ്? ഞാന്‍ വിളിച്ചില്ല. സുഹ്റാ കെനാവു കണ്ടാതായിരിക്കും.' മജീദിന്റെ നിലയും ഭാവവും കണ്ടപ്പോള്‍ സുഹ്റായുടെ ഉള്ള് ആളിപ്പോയി. വാസ്തവത്തില്‍ മജീദ് നീ എന്നു വിളിച്ചോ. ഒരു പക്ഷേ, അങ്ങനെ തോന്നിയതായിരിക്കുമോ? എങ്കില്‍ മജീദിനെ മാന്തിയതു ബഹുകഠിനമായിപ്പോയി... ചെമന്നു തടിച്ച നാലു പാടുകള്‍. അത് അവളുടെ മനസ്സിന്റെ കടുപ്പത്തിന്റെ ലക്ഷണങ്ങളല്ലേ? അവളുടെ കണ്ണു നിറഞ്ഞു.

മജീദ് അതു കണ്ട ഭാവം നടിക്കാതെ വെണ്‍മണല്‍ നിറഞ്ഞ ഗ്രാമവീഥിയിലൂടെ നടന്നുകൊണ്ടു തന്നത്താന്‍ പറഞ്ഞു: 'ഞാനൊന്നും ചെയ്തില്ലേലും, ബാപ്പായും ഉമ്മായും ചുമ്മാ എന്ന അടിക്കുകേം ചീത്തപറകേം ചെയ്യും. പിന്നെ ചിലര്‍ ചുമ്മാ പിച്ചുകേം മാന്തുകേം ചെയ്യും. വെറുതെ അവര്ടേക്ക ഒരു സൊകത്തിന്. ഇഞ്ഞി ഞാമ്മരിച്ചു പോകുമ്പ, ചിലരൊക്കെ പറേവാരിക്കും. ആ പാവപ്പെട്ട മജീദൊണ്ടാര്‍ന്നെങ്കി - ഒന്നു പിച്ചുകേങ്കിലും ചെയ്യാര്‍ന്നെന്ന്.' ഇത്രയും കഴിഞ്ഞ് മജീദ് സൂത്രത്തില്‍ തിരിഞ്ഞുനോക്കി. ഭേഷ്! സുഹ്റായുടെ കവിളുകളിലൂടെ കണ്ണീരിന്റെ രണ്ടു ചാലുകള്‍! അവനു സന്തോഷമായി. അവന്റെ ആനന്ദത്തില്‍ പങ്കുകൊള്ളുവാനെന്നവണ്ണം ബാലഭാസ്‌കരന്‍ കുന്നിന്റെ ഉച്ചിയില്‍ വന്നു മന്ദഹാസപൂര്‍വം ചെരിവിലെ ഗ്രാമത്തെ പൊന്‍പ്രഭയില്‍ മുക്കുകയാണ്.

കുന്നിന്റെ പിന്നില്‍ നിന്നു രണ്ടായിപ്പിരിഞ്ഞ്, കുന്നിനേയും ഗ്രാമത്തെയും ഉള്‍ക്കൊണ്ടിട്ട്, ദൂരെച്ചെന്ന്, ഒന്നായി ഒഴുകിപ്പോകുന്ന നദി ഉരുകിയ പൊന്നുപോലെ... ഗ്രാമനിശ്ശബ്ദതയെ ഭേദിക്കുന്ന പക്ഷികളുടെ കളകൂജനങ്ങളില്‍ മജീദ് കേള്‍ക്കുന്നത് അവാച്യമായ ആനന്ദത്തിന്റെ മറ്റൊലിയാണ്.''
ജീവിതത്തിന്റെയും പ്രണയത്തിന്റെ ലാന്‍ഡ്സ്‌കേപ്പ് ഒരുക്കിവച്ച് ബഷീര്‍ കടന്നുപോയിട്ട് മുപ്പത് വര്‍ഷമാകുന്നു. ബഷീര്‍ സൃഷ്ടിച്ച മജീദിനും സുഹ്റയ്ക്കും എണ്‍പത് വയസ്സും. എങ്കിലും അവര്‍ മലയാളിയുടെ വായനാലോകത്തെ നിത്യഹരിത നായികയും നായകനുമായി പരിലസിക്കുന്നു. ഒരു റംസാന്‍ മാസത്തില്‍ ബഷീര്‍ വീടുവിട്ടു പോകുന്നത് ബഷീര്‍ തന്നെ എഴുതിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകള്‍ നോക്കുക. ''ആ സംഭവം എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഒരു റംസാന്‍ മാസത്തിലാണെന്ന് തോന്നുന്നു. ബാപ്പ എന്നോട് വയലില്‍ നിന്ന് നെല്ലു കൊണ്ടുവരാന്‍ പറഞ്ഞു, ഞാന്‍ പോയില്ല, ഞാന്‍ ബാറ്റ്മിന്റണ്‍ കളിക്കാന്‍ പോയി. അന്ന് ബാപ്പ എന്നെ ഒരുപാട് തല്ലി. സന്ധ്യയ്ക്ക് ഞാന്‍ ഉമ്മയോട് ഒരു ഗ്ലാസ് വെള്ളം വാങ്ങിക്കുടിച്ച് ആരോടും ഒന്നും പറയാതെ ഒരു ഖദര്‍മുണ്ടും ഷര്‍ട്ടുമായി രാത്രി ഒരുപാട് മൈല്‍ നടന്ന്, തീവണ്ടിയില്‍ കയറി കോഴിക്കോട് ചെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് സ്വാതന്ത്ര്യ സമരത്തില്‍ പങ്കുകൊണ്ടു.'' അങ്ങനെ ആ ഒളിച്ചോട്ടം ഇന്ത്യ മുഴുവനും ബഷീറിനെ എത്തിച്ചു. ബഷീര്‍ ചെയ്യാത്ത ജോലികളില്ല. ജീവിതസംഘര്‍ഷങ്ങളുടെ ആകെത്തുകയാണ് വൈക്കം മുഹമ്മദ് ബഷീര്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചെറുകഥകളും നോവലുകളുമെല്ലാം ജീവിതത്തിന്റെ പച്ചയായ നേര്‍സാക്ഷ്യങ്ങളായി.


ബഷീറിന്റെ സാഹിത്യം അശ്ലീലമാണെന്ന് മുദ്രകുത്തിയവരുണ്ട്. ആ അശ്ലീലമെന്ന് മുദ്രകുത്തിയ കൃതിയില്‍ നിന്ന് ഒരു ഭാഗം കൂടി ഇവിടെ ഉദ്ധരിക്കട്ടെ. അത് പ്രണയത്തെ കുറിച്ചാണ്. ''ആദ്യമായും അവസാനമായും പ്രേമം എന്തെന്ന് അപ്പോള്‍ അനുഭവപ്പെട്ടു. ആകാശമെല്ലാം കഴുകി പുതുചായങ്ങള്‍ ഇട്ടതുപോലെ... കെട്ടിടങ്ങള്‍, മനുഷ്യര്‍, പക്ഷികള്‍, വാഹനങ്ങള്‍ എല്ലാം ഒരു പുതു വെളിച്ചത്തില്‍ തെളിഞ്ഞു. ആരറിഞ്ഞു നിയതി ഈ ദിവ്യമായ അനുഭൂതി എനിക്ക് ഒരുക്കിവച്ചിരുന്നുവെന്ന്...'' പ്രണയത്തെക്കുറിച്ച് ബഷീറിന് ബഷീറിന്റേതായ കാഴ്ചപ്പാടുണ്ടായിരുന്നു. അത് തന്റെ കൃതികളില്‍ പലയിടത്തും  സമാനതകളില്ലാത്തവണ്ണം ബഷീര്‍ വരച്ചുചേര്‍ത്തിട്ടുണ്ട്.


മതിലുകള്‍ എന്ന നോവലില്‍ പണ്ടത്തെ ഒരു സുന്ദരരാത്രിയുടെ ഓര്‍മ്മ ബഷീര്‍ കുറിക്കുന്നത് ഇങ്ങനെയാണ്. ''ഒരു ചെറുഗ്രാമം പിന്നെയങ്ങോട്ട് മൈല്‍ വെറും പൊടിമണല്‍ നിറഞ്ഞ മരുഭൂമി, ചക്രവാളം, മഹാചക്രവാളം നിറയെ ഇതുപോലുള്ള ഒരു സന്ധ്യ. ഞാന്‍ ആ മരുഭൂമിയിലേക്കിറങ്ങി, ഏതാണ്ട് ഒരു മൈല്‍ നടന്നുകാണു. ചുറ്റും വെണ്‍പട്ട് വിരിച്ചതോപോലെ... മണല്‍പരപ്പ് മാത്രം. ഞാന്‍ ആ മഹാപ്രപഞ്ചത്തിന്റെ ഒത്ത നടുക്ക് തനിച്ച്... തനിച്ച്... തലയ്ക്കു മീതെ കൈയ്യെത്തിച്ചു തൊടാവുന്ന ഉയരത്തില്‍ തെളിവേറിയ പൂര്‍ണചന്ദ്രന്‍. കഴുകി വെടിപ്പാക്കിയ നീലാകാശം. പൂര്‍ണചന്ദ്രനും നക്ഷത്രങ്ങളും. വളരെ മുഴുപ്പോടെ തിളങ്ങുന്ന നക്ഷത്രങ്ങള്‍. കോടി... അനന്തകോടി... എണ്ണമില്ലാത്ത നക്ഷത്രങ്ങള്‍. പൂര്‍ണ്ണവൃത്തത്തില്‍ ചന്ദ്രന്‍. നിശബ്ദ പ്രപഞ്ചം... എന്നാല്‍... എന്തോ... ഏതോ... ദിവ്യമായ നിശബ്ദ സംഗീതം പോലെ... നാദബ്രഹ്മത്തിന്റെ അനന്തമായ വിഭ്രമം.. എല്ലാം അതില്‍ മുഴുകിപ്പോയിരിക്കുന്നു. ആനന്ദാത്ഭുതത്തോടെ ഞാന്‍ നിന്നു. എന്റെ അത്ഭുതവും ആനന്ദവും കണ്ണുനീരായി മാറി. ഞാന്‍ കരഞ്ഞു. ആവതില്ലാതെ ഞാന്‍ കരഞ്ഞുകൊണ്ട് മനുഷ്യരുടെയിടയിലേക്ക് ഓടി. 'ലോകാലോകങ്ങളുടെ സ്രഷ്ടാവേ...! എന്നെ രക്ഷിക്ക്. എനിക്കിതെന്നില്‍ ഉള്‍ക്കൊള്ളാന്‍ തീരെ കഴിയുന്നില്ല. നിന്റെ ഈ മഹാപ്രഭാവം.. ഈ മഹാദ്ഭുതം... ഞാന്‍ വളരെ ചെറിയ ഒരു ജീവിയാണല്ലോ. എനിക്ക് വയ്യ! എന്നെ രക്ഷിക്ക്!''' അനാദിയായ പ്രപഞ്ചത്തില്‍ തന്നെ രക്ഷിക്കൂവെന്ന് അലറിക്കരയുന്ന മനുഷ്യന്റെ നിസ്സഹായത ഇവിടെ ബഷീര്‍ വരച്ചുചേര്‍ത്തിരിക്കുന്നു.


ബഷീറിന്റെ കഥകളുടെ, നോവലുകളുടെ വന്‍കരകളിലേക്ക് ആളുകള്‍ ഇന്നും ആവേശത്തോടെ എത്തിക്കൊണ്ടിരിക്കുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാര്‍ ഇന്നും ബഷീറിനുണ്ട്. ബുദ്ധിജീവി നാട്യങ്ങളൊന്നുമില്ലാതെ, തനി നാടന്‍ ഭാഷയില്‍ ജീവിതത്തിന്റെ സംഘര്‍ഷങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും ദാരിദ്ര്യവും സന്തോഷവും ഫലിതവുമെല്ലാം  ബഷീര്‍ ആവിഷ്‌ക്കരിച്ചു. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ട് ബഷീറിന്റെ പ്രതിഭ അതിര്‍ത്തികള്‍ മായ്ച്ചുകളയുന്നു. 

 

vaikom muhammad basheer