സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ആര്‍ക്കും നിയമം കയ്യിലെടുക്കാമെന്ന അവസ്ഥയിലേക്കാണ് സര്‍ക്കാരും ആഭ്യന്തരവകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൂരകൊലപാതകങ്ങളും ആക്രമണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൂവാറ്റുപുഴയില്‍ മകന്‍ അമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. എറണാകുളത്ത് നടുറോഡില്‍ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ഇത്തരത്തില്‍ ഓരോ ദിവസവും അക്രമസംഭവങ്ങള്‍ നടക്കുകയാണ്. നിയന്ത്രിക്കാന്‍ ആരുമില്ലാത്ത കുത്തഴിഞ്ഞ അവസ്ഥയിലാണ് പോലീസ് സംവിധാനമെന്നും സതീശന്‍ കുറ്റപ്പെടുത്തി.ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണ്. മുഖ്യമന്ത്രി സംസ്ഥാനത്ത് ഉണ്ടായിരുന്ന സമയത്തും അവസ്ഥ ഇതുതന്നെയായിരുന്നു. പോലീസിനെ രാഷ്ട്രീയവത്ക്കരിച്ച് പ്രാദേശിക സ്റ്റേഷനുകളുടെ നിയന്ത്രണം സിപിഎം ജില്ല, ഏരിയ കമ്മിറ്റികള്‍ക്ക് വിട്ടുകൊടുത്തതാണ് സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണമായതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.