തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകിയില്ല. അടിയന്തര പ്രമേയ നോട്ടീസിലെ വിഷയം ഹെെക്കോടതിയുടെ പരിഗണനയിലുള്ളതായതിനാലാണ് അനുമതി നിഷേധിച്ചതെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു.അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. സർക്കാർ പ്രതിക്കൂട്ടിലായതുകൊണ്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് അനുവദിക്കാതിരുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കേരള നിയമസഭ കൗരവ സഭയായി മാറുകയാണ്. ലൈംഗിക കുറ്റകൃത്യങ്ങളെ മന്ത്രിയും ഉദ്യോഗസ്ഥരും ഒളിച്ചുവെക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോട്ടിന്മേൽ ചോദ്യത്തിനും മറുപടി പറയില്ല. അടിയന്തര പ്രമേയത്തിനും അനുമതി നൽകില്ല. സ്ത്രീകളെ ഇതുപോലെ ബാധിക്കുന്ന ഒരു വിഷയം സഭയിൽ അല്ലെങ്കിൽ പിന്നെ എവിടെയാണ് ചർച്ച ചെയ്യുകയെന്ന് വി ഡി സതീശൻ ചോദിച്ചു.
ലൈംഗിക കുറ്റകൃത്യം ഒളിച്ചു വെക്കുന്ന ഉദ്യോഗസ്ഥരും മന്ത്രിമാരുമുളള ഈ സർക്കാറിനെ സ്ത്രീകൾ എങ്ങനെ വിശ്വസിക്കും?അതുകൊണ്ടാണ് മൊഴി കൊടുക്കാൻ ആരും വരാത്തത്. ഇരകൾക്ക് സർക്കാർ പിന്തുണ നൽകിയിരുന്നെങ്കിൽ മൊഴി കൊടുക്കാൻ ആള് വന്നേനെ. വാളയാർ, വണ്ടിപ്പെരിയാർ കേസുകളുടെ അനുഭവം മുന്നിലുണ്ട്. ഇന്ന് സഭ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ചർച്ച നടന്നില്ലെന്നത് കേരള നിയമസഭയ്ക്ക് തന്നെ അപമാനമാണെന്നും സതീശൻ കുറ്റപ്പെടുത്തി.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ചർച്ച അനുവദിക്കാതിരുന്ന സർക്കാർ തികഞ്ഞ വഞ്ചനയാണ് കാണിച്ചതെന്ന് കെകെ രമയും കുറ്റപ്പെടുത്തി. കേരളത്തിലെ സ്ത്രീ സമൂഹത്തെ പച്ചയായി പറ്റിക്കുകയാണ് ഹേമ കമ്മറ്റി റിപ്പോർട്ടിലൂടെ സർക്കാർ ചെയ്തത്.ഹേമ കമ്മിറ്റി റിപ്പോർട്ട് വെറുമൊരു സ്റ്റഡി റിപ്പോർട്ട് മാത്രമാണ് നിയമ സാധുതയില്ലെന്നും രമ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സർക്കാറിന് എന്തൊക്കെയോ മറച്ചുവെക്കാനുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ ആരോപിച്ചു. എന്തുകൊണ്ട് ഇത് കമ്മിറ്റിയാക്കി. ഹേമ കമ്മീഷൻ ആയിരുന്നു വേണ്ടതെന്നും മുനീർ വിശദീകരിച്ചു.