തിരുവനന്തപുരം: കേന്ദ്രബജറ്റിൽ കേരളത്തിനു അവഗണിക്കപ്പെട്ടതിൽ പ്രതിഷേധമുണ്ടെങ്കിലും പ്രയോജനപ്പെടുത്താവുന്ന പദ്ധതികൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു ചേർത്തു. സംസ്ഥാനങ്ങൾക്കുള്ള മൂലധനച്ചെലവിന് ഉൾപ്പെടെ കേന്ദ്രം നീക്കിവച്ച തുക ഏതെല്ലാം പദ്ധതികൾക്കായി നേടിയെടുക്കാനാകുമെന്ന് ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും.
യോഗത്തിൽ ചീഫ് സെക്രട്ടറി, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ, ധനകാര്യ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ മാത്രമാണു പങ്കെടുക്കുക. മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല. പുതിയ ബജറ്റിൽ കേരളം ആവശ്യപ്പെട്ടതൊന്നും അംഗീകരിക്കാതിരുന്നതിൽ കടുത്ത പ്രതിഷേധം പ്രധാനമന്ത്രിയെയും കേന്ദ്ര ധനമന്ത്രിയെയും മുഖ്യമന്ത്രി കത്തു വഴി അറിയിക്കും.
അതേസമയം, സംസ്ഥാന വികസനത്തിനു പ്രയോജനപ്പെടുത്താവുന്ന പദ്ധതികൾ ലഭിക്കാതെ പോകുമെന്നു കണ്ടാണ് അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടുന്നത്. മൂലധനച്ചെലവിനു പലിശയില്ലാത്ത ദീർഘകാല വായ്പയായി സംസ്ഥാനങ്ങൾക്കു നൽകാൻ ഒന്നരലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ബൃഹദ് പദ്ധതികൾക്കായുള്ള അടിസ്ഥാനസൗകര്യ വികസനത്തിനു വേണ്ടിയാണ് 50 വർഷത്തേക്കു സംസ്ഥാനങ്ങൾക്ക് ഈ തുക നൽകുഅനുവദിച്ചിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി സംസ്ഥാനം കഴിഞ്ഞ വർഷം 3000 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സഹായത്തോടെയുള്ള മറ്റു പദ്ധതികളുടെ ബ്രാൻഡിങ്ങിനു സംസ്ഥാനം വഴങ്ങാതിരുന്നതിനാൽ വായ്പസഹായം ലഭിച്ചില്ല. പുതിയ സാഹചര്യത്തിൽ ഏതെല്ലാം വൻകിട പദ്ധതികൾക്കു കേന്ദ്രത്തിന്റെ ദീർഘകാല വായ്പസഹായം നേടാനാകും എന്നതാണ് ഇന്നത്തെ യോഗത്തിൽ പ്രധാനമായി പരിശോധിക്കുക. വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ പശ്ചാത്തല വികസനമാണ് അടിയന്തര വികസന വിഷയമായി മുൻപിലുള്ളത്.