തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിൽ അനിശ്ചിതത്വം തുടരുന്നു.പുതിയ പരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം തുടരാനാണ് ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെയും ജീവനക്കാരുടെയും തീരുമാനം.പ്രതിഷേധം തുടരുന്നതിനിടയിലും പൊലീസ് സംരക്ഷണത്തോടെ ടെസ്റ്റുകൾ നടത്താനുള്ള നീക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്.
കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധങ്ങൾക്ക് മുന്നിൽ വഴങ്ങേണ്ടി വന്ന മോട്ടോർ വാഹന വകുപ്പ് ഇനി ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ്.അതിനാൽ ചൊവ്വാഴ്ച മുതൽ പൊലീസ് സംരക്ഷണയിൽ ടെസ്റ്റ് പുനരാരംഭിക്കാനാണ് എംവിഡിയുടെ തീരുമാനം.
ഒരു അപേക്ഷകനെങ്കിലും എത്തിയാൽ ടെസ്റ്റ് നടത്താൻ ഗതാഗത കമീഷണറേറ്റ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.സമരക്കാർ പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്ന സർക്കുലറിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് മൂന്നു മുതൽ ആറ് മാസം വരെ സാവകാശം അനുവദിച്ചിട്ടുണ്ടെന്നും നിലവിലെ രീതിയിലാണ് ടെസ്റ്റ് നടത്തുന്നതെന്ന് ഗതാഗത കമീഷണറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
അതെസമയം ഒത്തുതീർപ്പ് ഉത്തരവിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും പരിഷ്‌കരണ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യമുന്നയിച്ചും ഡ്രൈവിങ് സ്‌കൂൾ ഓണേഴ്‌സ് സമിതി, ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്‌സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ അടക്കം സംഘടനകൾ പണിമുടക്കിൽ ഉറച്ചു നിൽക്കുകയാണ്. സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാൻ ആണ് തീരുമാനം.
ഈ മാസം 13 ന് സെക്രട്ടറിയേറ്റിലേക്ക് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കും. കടുത്ത പ്രതിഷേധത്തെ തുടർന്ന് ഇന്നലെയും സംസ്ഥാനത്ത് ടെസ്റ്റുകൾ മുടങ്ങിയിരുന്നു. സർക്കുലർ പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.