റഷ്യക്ക് നേരെ യുക്രൈന്‍ ഷെല്ലാക്രമണം: തൃശ്ശൂര്‍ സ്വദേശി കൊല്ലപ്പെട്ടു

ചാലക്കുടിയിലെ ഏജന്‍സി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു എഴു പേരും റഷ്യയിലേക്ക് പോയത്. മോസ്‌കോയില്‍ റസ്റ്റോറന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്.

author-image
Vishnupriya
New Update
sandeep
Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശ്ശൂര്‍: റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തൃക്കൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപ് (36) ആണ്‌ റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്. സംഭവത്തില്‍ എംബസിയില്‍നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കുമെന്ന് റഷ്യയില്‍നിന്നുള്ള മലയാളി സംഘടനകള്‍ അറിയിച്ചു.

ചാലക്കുടിയിലെ ഏജന്‍സി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു എഴു പേരും റഷ്യയിലേക്ക് പോയത്. മോസ്‌കോയില്‍ റസ്റ്റോറന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് അറിയിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ പാസ്പോര്‍ട്ടും ഫോണും കളഞ്ഞുപോയെന്ന് സന്ദീപ് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു.

സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യന്‍ പട്ടാള പട്രോളിങ് സംഘം കൊല്ലപ്പെട്ടതായും ആശുപത്രിയില്‍ മൃതദേഹങ്ങള്‍ റഷ്യന്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ തിരിച്ചറിഞ്ഞതായും തൃക്കൂരിലെ വീട്ടില്‍ അറിയിപ്പ് ലഭിച്ചു. ശനി, ഞായര്‍ ദിവസങ്ങള്‍ എംബസി അവധിയായതിനാല്‍ അധികൃതരുടെ അറിയിപ്പും ചിത്രങ്ങളും അടുത്ത ദിവസമേ ലഭിക്കു.

അതേസമയം , സന്ദീപ് റഷ്യന്‍ പൗരത്വം സ്വീകരിച്ചതായും സൈന്യത്തില്‍ ചേര്‍ന്നതായും വിവരമുണ്ട്. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തില്‍ ചേരുന്ന സമ്പ്രദായം റഷ്യയിലുണ്ട്. പൗരത്വ പ്രശ്‌നം മൃതദേഹം നാട്ടിലെത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും എംബസി ഇടപെടുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. റഷ്യന്‍ സേനയുടെ ഭാഗമായ സന്ദീപ് സൈനിക പരിശീലനത്തിലായിരുന്നതിനാല്‍ നാട്ടിലേക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഫോണിൽ ബന്ധപ്പെടാൻ പോലും കഴിഞ്ഞിരുന്നില്ലെന്ന് റഷ്യയിലെ മലയാളി സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.

malayalee ukraine russia