പരിശോധന കര്‍ശനമാക്കി; യുഎഇ സന്ദര്‍ശന വിസക്കാരുടെ യാത്ര മുടങ്ങി

വീസയും വിമാന ടിക്കറ്റും മാത്രമായി എയർപോർട്ടിൽ എത്തിയ നൂറുകണക്കിനു പേർക്ക് ഇന്നലെ മടങ്ങേണ്ടിവന്നു. യുഎഇയിൽ സ്വീകരിക്കുന്ന ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ വീസ, താമസ വിവരങ്ങൾ നൽകിയിട്ടു പോലും യാത്ര അനുവദിച്ചിരുന്നില്ല.

author-image
Anagha Rajeev
Updated On
New Update
karippur airport
Listen to this article
0.75x 1x 1.5x
00:00 / 00:00

ദുബായ്: സന്ദർശക വീസയിൽ യുഎഇയിലേക്കു പോകാനെത്തുന്നവരുടെ പരിശോധന കേരളത്തിലെ വിമാനത്താവളങ്ങളിലും കർശനമാക്കിയതോടെ ഒട്ടേറെപ്പേരുടെ യാത്ര മുടങ്ങി. പോകുന്നവരുടെ കൈവശം യുഎഇയിലെ ഹോട്ടൽ ബുക്കിങ്ങിന്റെ രേഖയും ചെലവിനായി 1.3 ലക്ഷം രൂപയുമുണ്ടാകണമെന്ന വ്യവസ്ഥ വിമാനക്കമ്പനികൾ കർശനമായി പാലിച്ചതോടെയാണിത്.

വീസയും വിമാന ടിക്കറ്റും മാത്രമായി എയർപോർട്ടിൽ എത്തിയ നൂറുകണക്കിനു പേർക്ക് ഇന്നലെ മടങ്ങേണ്ടിവന്നു. യുഎഇയിൽ സ്വീകരിക്കുന്ന ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ വീസ, താമസ വിവരങ്ങൾ നൽകിയിട്ടു പോലും യാത്ര അനുവദിച്ചിരുന്നില്ല.

യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക മടക്കി നൽകാനോ തീയതി മാറ്റി നൽകാനോ തയാറായുമില്ല. ഏറെ കാത്തുനിന്ന ശേഷമാണു പലരും മടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയിൽ യാത്രക്കാരെ തടഞ്ഞുവച്ചതിന്റെ പശ്ചാത്തലത്തിലാണു പരിശോധനകൾ കർശനമാക്കിയത്.  ഇരുപതിലേറെപ്പേരെ കൊച്ചിയിൽ നിന്ന് മടക്കിയയച്ചു.

യുഎഇ സന്ദർശനത്തിന് വീസയ്ക്കും മടക്ക യാത്രാ ടിക്കറ്റിനും പുറമേ ഹോട്ടൽ ബുക്കിങ്, 1.3 ലക്ഷം എന്നിവ നിർബന്ധമാക്കിയുള്ള അറിയിപ്പ് ചൊവ്വാഴ്ച രാത്രിയോടെ ലഭിച്ചതായി ഇൻഡിഗോ അധികൃതർ പറഞ്ഞു. 

Visa Service uae