കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍ കണ്ടെത്തിയ ലോറി ഉയര്‍ത്തുന്നതിനുള്ള ശ്രമം പുരോഗമിക്കുന്നു. ഇന്ന് തന്നെ ലോറി പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. ലോറി കണ്ട സ്ഥലത്തേക്ക് ഡ്രഡ്ജറെത്തിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നദിയില്‍നിന്ന് വാഹനത്തിന്റെ ടയര്‍ പുറത്തെടുത്തു. എന്നാല്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ടയറുകളല്ല കണ്ടെത്തിയതെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു.
മറ്റൊരു വാഹനം കൂടി കണ്ടെത്തിയതായി മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അറിയിച്ചതായി ലോറി ഉടമ മനാഫ് വ്യക്തമാക്കിയിരുന്നു. തലകീഴായി നില്‍ക്കുന്ന രീതിയില്‍ ഒരു ലോറി കണ്ടെത്തിയതിന് പിന്നാലെയാണ് മറ്റൊരു വാഹനം കൂടി കണ്ടെത്തിയതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. വാഹനത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്തിയതെന്നാണ് വിവരം. രണ്ട് വാഹനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും കാര്‍വാര്‍ എസ്.പി. എം നാരായണ്‍ അറിയിച്ചു.
അതേസമയം കണ്ടെത്തിയ വാഹനങ്ങള്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്നതാണോയെന്നതില്‍ വ്യക്തത വന്നിട്ടില്ല.
സ്ഥിരീകരണത്തിന് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ പ്രവര്‍ത്തനങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ ലോറി ഇന്നുതന്നെ പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.
ഗംഗാവലി പുഴയില്‍ 15 അടി താഴ്ചയില്‍ ഒരു ലോറി തലകീഴായി നില്‍ക്കുന്ന രീതിയില്‍ കണ്ടെന്നുള്ള വിവരങ്ങളാണ് ആദ്യം പുറത്തുവന്നത്. മണ്ണിടിച്ചിലില്‍ ഒലിച്ചുപോയ ചായക്കടയുടെ സമീപത്തായുള്ള പ്രദേശത്താണ് ലോറി കണ്ടിരിക്കുന്നത്. ക്യമാറയുമായി വീണ്ടും മാല്‍പെ പുഴയിലേക്കിറങ്ങി ദൃശ്യങ്ങളടക്കം പകര്‍ത്തിയിരുന്നു. അര്‍ജുനുള്‍പ്പെടെ ദുരന്തത്തില്‍പ്പെട്ട രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.
ഓഗസ്റ്റ് 17നാണ് മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാല്‍ ആര് പണംമുടക്കും എന്നതായിരുന്നു പ്രശ്‌നം.പിന്നീട് കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ഡ്രഡ്ജറിന്റെ വാടക ഒരുകോടി രൂപ കര്‍ണാടക സര്‍ക്കാര്‍ വഹിക്കും.