തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പ്രവർത്തിക്കുന്ന പോത്തീസ് സ്വർണ മഹൽ പൂട്ടിച്ച് തിരുവനന്തപുരം നഗരസഭ.ആമയിഴഞ്ചാൻ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടതിനെ തുടർന്നാണ് നടപടി.പൊലീസും നഗര സഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥാപനത്തിലെത്തിയാണ് പൂട്ടിച്ചത്.അതെസമയം ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പോത്തീസ് സ്വർണ മഹലിൽ നിന്നും കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസം നഗരസഭയ്‌ക്ക് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് ശരിയാണെന്ന് തെളിഞ്ഞു. പൊതുസ്ഥലത്ത് മാലിന്യമൊഴിക്കുന്ന സ്ഥാപനത്തിനെതിരെ കോർപ്പറേഷന്റെ പരാതിയിൽ തമ്പാനൂർ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സ്ഥാപനം പൂട്ടിച്ചത്.
അട്ടക്കുളങ്ങര രാമചന്ദ്ര ടെക്‌സ്‌റ്റൈൽസും ഓടയിലേക്ക് മാലിന്യം ഒഴുക്കിവിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കെആർഎഫ്ബിയുടെ ഓടയിലേക്കാണ് മാലിന്യം ഒഴുക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. പിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കർശന നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട എസ്എച്ച്ഒയ്‌ക്ക് നിർദ്ദേശം നൽകിയതായി മേയർ അറിയിച്ചിരുന്നു.