കുറ്റകരമായ അനാസ്ഥ; തലസ്ഥാനത്തെ കുടിവെള്ള മുടക്കത്തെ വിമര്‍ശിച്ച് എംഎല്‍എ

വാട്ടര്‍ അതോറിറ്റിക്ക് വീഴ്ചയുണ്ടായി. 48 മണിക്കൂറില്‍ തീരേണ്ടപണി നീണ്ടുപോയി. ബദല്‍മാര്‍ഗം ഏര്‍പ്പെടുത്തുന്നതില്‍ കുറ്റകരമായ അനാസ്ഥയുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

author-image
Vishnupriya
New Update
vk
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: തലസ്ഥാനത്ത് നാലുദിവസമായി തുടരുന്ന ജലവിതരണ മുടക്കത്തില്‍ ജല അതോറിറ്റിയെ വിമര്‍ശിച്ച് സി.പി.എം. എം.എല്‍.എയും കോര്‍പ്പറേഷന്‍ മുന്‍ മേയറുമായ വി.കെ. പ്രശാന്ത്. ജല അതോറിറ്റിക്ക്‌ വീഴ്ചയുണ്ടായെന്ന് കഴക്കൂട്ടം എം.എല്‍.എ. മുന്‍ധാരണയില്ലാതെയാണ് അതോറിറ്റി കാര്യങ്ങള്‍ കൈകാര്യംചെയ്തതെന്നും പ്രശാന്ത് കുറ്റപ്പെടുത്തി.

വാട്ടര്‍ അതോറിറ്റി മുന്‍കൂര്‍ ധാരണയില്ലാതെ കൈകാര്യംചെയ്തുവെന്ന് മന്ത്രി വിളിച്ച യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതുവരേയും നഗരത്തില്‍ ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടായിട്ടില്ല. നേമത്ത് നടക്കുന്ന പ്രവൃത്തിക്ക് നഗരമാകെ വെള്ളം കിട്ടാത്ത അവസ്ഥ എങ്ങനെ വന്നുവെന്നത് പരിശോധിക്കണം. യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇങ്ങനെയൊരു സ്ഥിതി എങ്ങനെയുണ്ടായെന്ന് മന്ത്രി പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. മന്ത്രിക്ക് പരാതി നല്‍കും. വാട്ടര്‍ അതോറിറ്റിക്ക് വീഴ്ചയുണ്ടായി. 48 മണിക്കൂറില്‍ തീരേണ്ടപണി നീണ്ടുപോയി. ബദല്‍മാര്‍ഗം ഏര്‍പ്പെടുത്തുന്നതില്‍ കുറ്റകരമായ അനാസ്ഥയുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്തരമൊരു സാഹചര്യത്തിലേക്ക് നഗരത്തെ തള്ളിവിടേണ്ട ഒരുകാര്യവുമില്ല. ബോധപൂര്‍വമായ വീഴ്ച ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതായി സംശയിക്കുന്നു. ഏകോപനക്കുറവ് ഉണ്ടായി. എന്നാല്‍, നഗരസഭയ്ക്ക് കൃത്യമായ മുന്നറിയിപ്പ് ലഭിച്ചില്ലെന്നും അതിനാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

trivandrum water crisis