കേരളീയ സമൂഹത്തെ ആകെ ബാധിക്കുന്ന ​ഗൗരവമായ പ്രശ്‌നം; പൂരം കലക്കലിൽ ത്രിതല തുടരന്വേഷണം

കേരളത്തിൻ്റെ സാമൂഹികാന്തരീക്ഷം തകർക്കാനുള്ള കുത്സിതശ്രമങ്ങളാണുണ്ടായതെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു നടത്തിയ ആസൂത്രിതനീക്കമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

author-image
Vishnupriya
New Update
CM PINARAYI ON WAYANAD LANDSLIDE DISASTER FUND RAW

തിരുവനന്തപുരം: തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളിൽ സമഗ്രമായ അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ സാമൂഹികാന്തരീക്ഷം തകർക്കാനുള്ള കുത്സിതശ്രമങ്ങളാണുണ്ടായതെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു നടത്തിയ ആസൂത്രിതനീക്കമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളീയ സമൂഹത്തെ ആകെ ബാധിക്കുന്ന ​ഗൗരവമായ പ്രശ്‌നമായാണ് ഇതിനെ സര്‍ക്കാര്‍ കാണുന്നത്. പൂരവുമായി ബന്ധപ്പെട്ട് ഏതൊക്കെ തരത്തിലുള്ള കുറ്റകൃത്യം നടന്നിട്ടുണ്ട് എന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂരം കലക്കലില്‍ ത്രിതല അന്വേഷണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

പൂരം കുറ്റമറ്റ രീതിയില്‍ നടത്താനുള്ള സൗകര്യങ്ങൾ നല്‍കാനാണ് സർക്കാര്‍ ശ്രമിച്ചത്. പൂരത്തിൻ്റെ അവസാന ഘട്ടത്തിലാണ് ചില വിഷയങ്ങളുണ്ടാകുന്നത്. പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമമുണ്ടായത് ഗൗരവമായി കണ്ടു. അതിനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ ചുമതലപ്പെടുത്തിയത്. അത് സമഗ്രമായ അന്വേഷണറിപ്പോര്‍ട്ടായി കരുതാനാവില്ല.

പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ അവിടെ ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ട്. പുറ്റിങ്ങല്‍ വെടിക്കട്ട് ദുരന്തം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ഉന്നയിച്ച ശുപാര്‍ശകളടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളവിടെ നടന്നു.അത് വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കാര്യങ്ങളായാണ് കാണാന്‍ കഴിയുക. അവിടെ നടന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിച്ച് ഭാവിയില്‍ പൂരം ഭംഗിയായി നടത്താന്‍ സംവിധാനം ഒരുക്കുക അനിവാര്യമാണ്. സാമൂഹികാന്തരീക്ഷം തകര്‍ക്കാനുള്ള കുത്സിതശ്രമങ്ങള്‍ അനുവദിക്കില്ല. ഇത് ആഘോഷമോ ഉത്സവമോ ആയി ചുരുക്കി കാണേണ്ട കാര്യമല്ല. കേരളീയ സമൂഹത്തെ ആകെ ബാധിക്കുന്ന ഗൗരവമായ പ്രശ്‌നമായാണ് സര്‍ക്കാര്‍ കാണുന്നത്. പൂരവുമായി ബന്ധപ്പെട്ട് ഏതൊക്കെ തരത്തിലുള്ള കുറ്റകൃത്യം നടന്നിട്ടുണ്ടോ അതൊക്കെ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

cm pinarayi vijayan Thrissur Pooram