കൊച്ചി: 2021 നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിലെ കെ. ബാബുവിൻറെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും.നേരത്തെ ഹർജി റദ്ദാക്കണമെന്നുള്ള ബാബുവിൻറെ ആവശ്യം ഹൈകോടതി തള്ളിയിരുന്നു. സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി.
അയ്യപ്പൻറെ പേരിൽ വോട്ട് ചോദിച്ചുവെന്നും മതചിഹ്നം ദുരുപയോഗം ചെയ്തെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. അയ്യപ്പൻറെ പേര് ദുരുപയോഗം ചെയ്താണ് ബാബു വിജയിച്ചത്. അയ്യനെ കെട്ടിക്കാൻ വന്ന സ്വരാജിനെ കെട്ടുകെട്ടിക്കണം എന്ന തരത്തിൽ ചുമരെഴുത്തുകൾ വരെയുണ്ടായി. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച സ്ലിപ്പുകൾ വിതരണം ചെയ്തു. ഇതിൽ ബാബുവിൻറെ പേരും ചിഹ്നവുമുണ്ടായിരുന്നു. മണ്ഡലത്തിൻറെ പലഭാഗങ്ങളിലും സ്ഥാനാർഥി നേരിട്ടെത്തി അയ്യപ്പൻറെ പേരിൽ വോട്ട് ചോദിച്ചു.
ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന തെരഞ്ഞെടുപ്പ് ചട്ടത്തിൻറെ ലംഘനം നടത്തിയ ബാബുവിൻറെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു സ്വരാജിൻറെ ആവശ്യം.2021ലെ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ 992 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ. ബാബു വിജയിച്ചത്. കെ. ബാബുവിന് 65,875 വോട്ട് ലഭിച്ചപ്പോൾ എതിർസ്ഥാനാർഥി സി.പി.എമ്മിലെ എം. സ്വരാജിന് 64,883 വോട്ടാണ് ലഭിച്ചത്.