കൊച്ചി: സിനിമാ നടന്മാർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിക്കെതിരെ പരാതി. യുവതിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. പതിനാറ് വയസുള്ളപ്പോൾ സെക്‌സ് മാഫിയയ്ക്ക് വിൽക്കാൻ ശ്രമിച്ചതായാണ് ആരോപണം. യുവതി ഡിജിപിക്ക് പരാതി നൽകി. യുവതിയുടെ പരാതിയിൽ ഇന്ന് തെളിവെടുപ്പുണ്ടാകും.
പത്ത് വർഷം മുൻപ് 2014ലാണ് സംഭവമെന്ന് യുവതി പറഞ്ഞു. അമ്മയുടെ സഹോദരിയുടെ മകളാണ് വിൽക്കാൻ ശ്രമിച്ചതെന്നും യുവതി പറഞ്ഞു. അന്ന് അവർ അഞ്ചോളം സിനിമയിൽ അഭിനയിച്ചിരുന്നു. ചെന്നൈയിലായിരുന്നു താമസം. സിനിമയിൽ അഭിനയിക്കുന്നു എന്നല്ലാതെ അവരെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വെക്കേഷൻ കാലത്ത് തന്നെ ചെന്നൈയിലെ വീട്ടിലേക്ക് ക്ഷണിച്ചു. സിനിമയിൽ അഭിനയിക്കാൻ അവസരം ഒരുക്കാമെന്നും ഓഡിഷനിൽ പങ്കെടുക്കാം എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നതെന്നും യുവതി പറഞ്ഞു.
അങ്ങനെ താനും അമ്മയും ചെന്നൈയിലേക്ക് പോയി. തൊട്ടടുത്ത ദിവസം ഓഡിഷനെന്ന് പറഞ്ഞ് ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മുറിയിൽ അഞ്ചോളം ആളുകൾ ഉണ്ടായിരുന്നു. അതിൽ ഒരാൾ തനിക്ക് ഷെയ്ക്ക് ഹാൻഡ് നൽകിയെന്നും മുടിയിൽ തഴുകിയെന്നും യുവതി പറഞ്ഞു. ഇതിനിടെ ബന്ധുവായ സ്ത്രീ അയാളോട് ഓകെയാണോ എന്ന് ചോദിച്ചു. അയാൾ ഓകെയാണെന്നും പറഞ്ഞു. ഇതോടെ എന്തോ പ്രശ്‌നമുണ്ടെന്ന് തനിക്ക് മനസിലായി. വീട്ടിൽ പോകണമെന്ന് പറഞ്ഞ് വാശിപിടിച്ചു. ഇതോടെ അവരുടെ മുഖം മാറി. ദേഷ്യപ്പെട്ടുകൊണ്ട് തന്നോട് അവിടെ നിൽക്കാൻ ആവശ്യപ്പെട്ടു. അഡ്ജസ്റ്റ് ചെയ്താൽ ഭാവി സുരക്ഷിതമാകുമെന്ന് അവർ പറഞ്ഞു. അത് ശരിയല്ലെന്ന് തോന്നിയതോടെ താൻ ബഹളംവെച്ച് ഇറങ്ങിപ്പോരുകയായിരുന്നുവെന്നും യുവതി കൂട്ടിച്ചേർത്തു.