ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നുണപ്രചരണങ്ങള്‍ നടത്തി കെ കെ ശൈലജയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ശ്രമം നടത്തിയെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. മതധ്രുവീകരണം നടത്തി പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസും ലീഗും ശ്രമിച്ചത്. കെ കെ ശൈലജ മുസ്ലിം വിരുദ്ധയാണെന്ന് നുണപ്രചരണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. 'കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
ഉത്തരവാദിത്തം സിപിഐഎമ്മിന്റെ തലയിലിട്ട് രക്ഷപ്പെടാനാണ് ഇരുവരും ശ്രമിച്ചത്. പോസ്റ്റ് ആരുടേതാണെന്ന് അറിയാന്‍ ആദ്യം പരാതി നല്‍കിയത് എല്‍ഡിഎഫാണ്. സംഭവത്തില്‍ കുറ്റക്കാരായവരെ കണ്ടെത്താനുള്ള അന്വേഷണം നടത്തണം. എല്‍ഡിഎഫ് കണ്‍വീനറുടെ നിലപാടിനൊപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാഫിര്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ച 'അമ്പാടി മുക്ക് സഖാക്കള്‍' പേജ് അഡ്മിന്‍ പി ജയരാജന്റെ വിശ്വസ്തനെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഡിവൈഎഫ്‌ഐ മയ്യില്‍ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ് മനോഹരനാണ് പേജ് അഡ്മിന്‍. ജില്ലാ സെക്രട്ടറിയായിരിക്കെ പി ജയരാജന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്തിരുന്നതും മനീഷായിരുന്നു. കാഫിര്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് അമ്പാടിമുക്ക് പേജില്‍ ഷെയര്‍ ചെയ്തത് മനീഷാണെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കാഫിര്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് വിവാദത്തിലെ പൊലീസ് റിപ്പോര്‍ട്ട് സിപിഐഎമ്മിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. സിപിഐഎമ്മിനെ പിന്തുണയ്ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ നിയന്ത്രിക്കുന്ന ഫേസ്ബുക്ക് പേജുകളിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലുമാണ് വ്യാജ സ്‌ക്രീന്‍ ഷോട്ട് ആദ്യമെത്തിയതെന്നാണ് കണ്ടെത്തല്‍.
'കാഫിര്‍' വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം ലഭിച്ചത് റെഡ് എന്‍കൗണ്ടര്‍ വാട്‌സ് ആപ് ഗ്രൂപ്പിലാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണ് ഈ ഗ്രൂപ്പില്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്. ഇത് കണ്ടെത്തിയ പൊലീസ് റിബേഷിനെ ചോദ്യം ചെയ്തിരുന്നു. സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞത്. റിബേഷിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.