കൊച്ചി: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നിർദേശപ്രകാരം എറണാകുളം ജില്ലയിലെ അങ്കമാലി,ആലുവ കളമശ്ശേരി, ഇടപ്പള്ളി എന്നിവിടങ്ങളിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് നടപ്പാക്കിയ ഗതാഗത ക്രമീകരണങ്ങൾ വിജയകരമാകുന്നുവെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാരായ ടി.എം. ജെർസൺ, കെ. മനോജ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അത്താണി നെടുമ്പാശ്ശേരി ജംഗ്ഷനിലെ ഫ്രീ ലെഫ്റ്റ് സംവിധാനം ആലുവ-അങ്കമാലി ദിശയിൽ തയ്യാർ ചെയ്തതും എയർപോർട്ടിലേക്ക് പ്രത്യേക സൗകര്യം സജ്ജമാക്കിയതും ഗതാഗതം സുഗമമായി കടന്നു പോകുന്നതിനു സൗകര്യപ്രദമായി. അങ്കമാലിയിൽ നിന്നും എയർപോർട്ട് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ഫ്രീ ലെഫ്റ്റ് സംവിധാനം പ്രാബല്യത്തിൽ വന്നു. കൂടാതെ സ്റ്റേജ് ക്യാരേജുകളുടെ അങ്കമാലി നഗരപ്രവേശനം തിരക്കുള്ള സമയത്ത് ഒഴിവാക്കിയതും കുരുക്കിന് പരിഹാരം കാണുവാൻ സഹായിച്ചു.
ആലുവ ജംഗ്ഷനിൽ ഫ്ലൈ ഓവർ വഴി ഫ്രീ ലെഫ്റ്റ് എടുത്ത് നഗരത്തിൽ പ്രവേശിക്കുന്നതിനും, ആലുവയിൽ നിന്നും അങ്കമാലിയിലേക്ക് ഫ്രീ ലെഫ്റ്റ് എടുത്ത് പോകാവുന്ന രീതിയിൽ സമയ ലാഭം ലഭിക്കുന്ന വിധം സിഗ്നലുകൾ തയ്യാർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പറവൂർക്കവലയിൽ ഏകദേശം 42 ലക്ഷം രൂപ ചെലവിൽ ഫ്രീ ലെഫ്റ്റ് സംവിധാനം നടപ്പിലാക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചിട്ടുണ്ട് .
മന്ത്രി പി രാജീവിൻ്റെ നിർദ്ദേശാനുസരണം നടപ്പാക്കിയ ക്രമീകരണം എച്ച് എം ടി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറക്കുവാൻ സാധിച്ചു. എച്ച്എംടി ജംഗ്ഷനിൽ 17 കോൺഫ്ലിക്ട് പോയിൻ്റ് ഉണ്ടായിരുന്നതും, സിഗ്നലുകളും ഒഴിവാക്കി മൂന്ന് പോയിൻ്ററുകൾ മാത്രമാക്കി യാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കുവാൻ സജ്ജമാക്കി. കാൽനട യാത്രക്കാർക്ക് ആയി സീബ്രാ ലൈൻ തയ്യാർ ചെയ്ത വരുന്നു.
സമാന രീതിയിലുള്ള ക്രമീകരണമാണ് കഴിഞ്ഞയാഴ്ച മുതൽ ഇടപ്പള്ളി ജംഷനിലും ഏർപ്പെടുത്തിയത്. ഒക്ടോബർ 22 മുതൽ ഇടപ്പള്ളിയിലെ രണ്ടു യു ടേണുകളും അടച്ചു. ഇത് വഴി ബ്ലോക്ക് കുറയ്ക്കുവാൻ സാധിച്ചു. ഈ പരിഷ്കാരം സിഗ്നൽ ബോർഡും മറ്റും സ്ഥാപിച്ച് സ്ഥിരമാക്കും. ആലുവ ഭാഗത്തു നിന്ന് വൈറ്റിലയിലേക്കുള്ള വനങ്ങൾക്ക് ഫ്രീ ലെഫ്റ്റ് ആയി പോകാനാകും. ഗതാഗത വകുപ്പ് മന്ത്രി നേരിട്ട് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുകയും ഇതു സംബന്ധിച്ച പുരോഗതി ഓൺലൈൻ യോഗത്തിൽ ചർച്ച ചെയ്യുകയും ചെയ്തു.
ഒരു പരിധിവരെ സിഗ്നൽ സംവിധാനത്തിൽ വരുത്തിയ മാറ്റം മൂലം കരയാംപറമ്പ് മുതൽ ഇടപ്പള്ളി വരെയുള്ള ദേശീയപാത യാത്ര സുഗമമായി. അതോടൊപ്പം എല്ലാ സിഗ്നൽ സംവിധാനങ്ങളും റോഡ് കേരള സേഫ്റ്റി അതോറിറ്റിയുടെ കീഴിലാക്കുമെന്നും മന്ത്രി അറിയിച്ചതായി ആർ ടി ഒ പറഞ്ഞു.
വൈറ്റിലയിലെയും കാക്കനാട് ജംഗ് ഷ നിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. നഗരത്തിൽ മത്സരയോട്ടം നടത്തുന്ന ബസുകൾക്കെതിരേ നടപടി കർശനമാക്കും. വിലകൂടിയ ആഢംബര ബൈക്കുകൾ അമിത വേഗത്തിൽ ഓടിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുന്നുണ്ട്.
# കളമശേരിയിൽ നേരത്തേ നടപ്പിലാക്കിയ ക്രമീകരണം ഇങ്ങനെയാണ്
ഇടപ്പള്ളി ഭാഗത്തു നിന്നും, സൗത്ത് കളമശ്ശേരി ഭാഗത്തു നിന്നും ആലുവ ഏലൂർ ഭാഗത്തേക്ക് വരുന്ന സർവീസ് ബസ്സുകൾ ടി വി എസ് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു റോഡിൻ്റെ ഏറ്റവും വലത്തേ ട്രാക്കിൽ പ്രവേശിച്ച് ആര്യാസ് ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് റയിൽവേ ഓവർ ബ്രിഡ്‌ജ് വഴി എച്ച് എം ടി ജംഗ്ഷനിൽ നിന്ന് ആളുകളെ ഇറക്കി കയറ്റി വീണ്ടും ടി വി എസ് ജംഗ്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞു ആലുവ ഭാഗത്തേക്ക് പോകേണ്ടതാണ്.
കാക്കനാട് മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും എച്ച് എം ടി ജംഗ്ഷനിലേക്ക് വരുന്ന സർവീസ് ബസ്സുകൾ എച്ച് എം ടി ജംഗ്ഷനു മുൻപായി മുസ്ലിം പള്ളിയുടെ കിഴക്ക് ഭാഗത്തായി പുതുതായി ക്രമീകരിച്ചിരിക്കുന്ന ബസ് സ്റ്റോപ്പിൽ ആളുകളെ ഇറക്കി കയറ്റി എച്ച് എം ടി ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ടിവിഎസ് ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞു ആലുവ ഭാഗത്തേക്ക് പോകേണ്ടതാണ്.
ഇടപ്പള്ളി ഭാഗത്തു നിന്നും, എൻ എ ഡി ഭാഗത്തേക്ക് യാത്ര ചെയ്യേണ്ട സർവ്വീസ് ബസ്സുകൾ ടിവിഎസ് ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞു ഏറ്റവും വലത്തേ ട്രാക്കിൽ പ്രവേശിച്ച് ആര്യാസ് ജംഗ്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞ് ആർ ഒ ബി വഴി എൻ എ ഡി റോഡിലേക്ക് പ്രവേശിച്ച് ആളുകളെ ഇറക്കി കയറ്റി യാത്ര തുടരേണ്ടതാണ്. എൻ എ ഡി ഭാഗത്ത് നിന്നും എച്ച് എം ടി ഭാഗത്തേക്ക് വരുന്ന സർവ്വീസ് ബസ്സുകൾ എച്ച് എം ടി ജംഗ്ഷനു മുൻപായി എൻ എ ഡി റോഡിൽ തന്നെ ആളുകളെ കയറ്റി ഇറക്കി യാത്ര തുടരേണ്ടത്താണ്.
ഇടപ്പള്ളി ഭാഗത്ത് നിന്നും, കാക്കനാട് ഭാഗത്ത് നിന്നും ആലുവ ഏലൂർ ഭാഗത്തേക്ക് പോകുന്ന സർവ്വീസ് ബസുകൾ എച്ച് എം ടി ജംഗ്ഷനിൽ എത്തി ആളെ ഇറക്കി കയറ്റിയതിന് ശേഷം നോർത്ത് കളമശ്ശേരി മെട്രോ സ്റ്റേഷന് സമീപം പുതിയതായി ക്രമീകരിച്ചിരിക്കുന്ന പുതിയ ബസ് (പഴയ ഗ്രൗണ്ട് ബസ് സ്റ്റോപ്പ് ) സ്റ്റോപ്പിൽ ആളെ ഇറക്കി കയറ്റി യാത്ര തുടരേണ്ടതാണ്.
നോർത്ത് കളമശ്ശേരി മാർക്കറ്റ് റോഡിൽ നിന്നും ഹൈവേയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ അംഗീകാരം ഇല്ലാത്ത ബസ് സ്റ്റോപ്പിൽ യാതൊരു കാരണവശാലും സർവ്വീസ് ബസ്സുകൾ നിർത്താൻ പാടില്ലാത്തതാണ്.
ആലുവ ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് വരുന്ന സ്റ്റേജ് കാരിയേജ് വാഹനങ്ങൾ ആര്യാസ് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു വൺവേയിലൂടെ എച്ച് എം ടി ജംഗ്ഷനിൽ എത്തി നിർദിഷ്ട ബസ് സ്റ്റോപ്പുകളിൽ യാത്രക്കാരെ കയറ്റി ഇറക്കിയ ശേഷം വീണ്ടും വൺവേ ഉപയോഗിച്ച് ദേശിയ പാതയിലെത്തി യാത്ര തുടരേണ്ടതാണ്.
ആലുവ ഭാഗത്ത് നിന്നും തൃപ്പണിത്തുറ ഭാഗത്തേക്ക് വരുന്ന സ്റ്റേജ് കാരിയേജ് വാഹനങ്ങൾ ആര്യാസ് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു വൺവേയിലൂടെ എച്ച് എം ടി ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു നിർദിഷ്ട ബസ് സ്റ്റോപ്പകളിൽ യാത്രക്കാരെ കയറ്റി ഇറക്കിയ ശേഷം വീണ്ടും യാത്ര തുടരേണ്ടതാണ്.