എല്‍ഡിഎഫ് കണ്‍വീനറായി ടി പി രാമകൃഷ്ണനെ ചുമതലപ്പെടുത്തിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും കണ്‍വീനറായി തുടരുന്നതിലും ഇ പി ജയരാജന് പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം പിണറായി വിജയന്‍ മന്ത്രി സഭയില്‍ എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു ടിപി രാമകൃഷ്ണന്‍. നിയമസഭയില്‍ പേരാമ്പ്ര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടി പി നിലവില്‍ എല്‍ഡിഎഫ് എംഎല്‍എമാരുടെ ഏകോപന ചുമതലയുള്ള നേതാവ് കൂടിയാണ്.
ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നീക്കിയത്. ഇന്നത്തെ സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുത്തില്ല. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. ഇ പി നേരത്തെ കണ്ണൂരിലെ വീട്ടിലേക്കെത്തിയെങ്കിലും വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.
അതേസമയം, ലൈംഗികാരോപണ വിധേയനായ എം മുകേഷ് എംഎല്‍എ രാജിവയ്‌ക്കേണ്ടതില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മുകേഷിന്റെ രാജിയില്‍ വലിയ പ്രചരണമാണ് നടക്കുന്നത്. പാര്‍ട്ടി ഇതേ പറ്റി വിശദമായി പഠിച്ചു. 16 എംപിമാരും 135 എംഎല്‍എമാരും സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. അവരാരും എംപി സ്ഥാനമോ എംഎല്‍എ സ്ഥാനമോ രാജി വെച്ചിട്ടില്ല. കേരളത്തില്‍ രണ്ട് എംഎല്‍എമാര്‍ക്ക് എതിരെ കേസുണ്ട്. ഉമ്മന്‍ചാണ്ടി മുതലുള്ള ആളുകളുടെ പേരില്‍ കേസുണ്ട്. അവരാരും രാജി വെച്ചിട്ടില്ല. മന്ത്രിമാര്‍ രാജി വെച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഇടപെടുന്നത് ഒഴിവാക്കാനാണ് മന്ത്രിമാര്‍ രാജി വെക്കുന്നത്. എംഎല്‍എ നിരപരാധിയാണെന്ന് കണ്ടാല്‍ തിരിച്ചെടുക്കാന്‍ അവസരമില്ല. സാമാന്യ നീതിയുടെ ലംഘനമാണിത്. കേസ് അന്വേഷണത്തില്‍ എംഎല്‍എ ആയതുകൊണ്ട് ഒരു പരിഗണനയും നല്‍കേണ്ടതില്ല എന്നാണ് പാര്‍ട്ടിയുടെ നയമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.