തിരുവനന്തപുരത്ത് എന്‍.പി.പിള്ളയുടെയും സരസ്വതിയുടെയും മൂത്ത മകനായാണ് ടി പി മാധവന്റെ ജനനം. നാരായണനും രാധാമണിയുമാണ് സഹോദരങ്ങള്‍. മുതിര്‍ന്ന നാടകപ്രവര്‍ത്തകന്‍ ടി.എന്‍.ഗോപിനാഥന്‍ നായരുടെ അനന്തരവനും ഭാഷാ പണ്ഡിതന്‍ പി.കെ.നാരായണപിള്ളയുടെ ചെറുമകനുമാണ് ടി പി മാധവന്‍
ബി ആര്‍ അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സെലക്ഷന്‍ കഴിഞ്ഞ് കൈകള്‍ ഒടിഞ്ഞപ്പോള്‍ മാധവന് പിന്‍മാറേണ്ടി വന്നു. ചെറുപ്പം മുതലേ നാടകങ്ങളില്‍ അഭിനയിച്ചിരുന്ന അദ്ദേഹം 1960-ല്‍ ബോംബെയിലെ ഒരു ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്തു. തുടര്‍ന്ന് ബാംഗ്ലൂരില്‍ ഒരു പരസ്യ ഏജന്‍സി ആരംഭിക്കുകയും ചെയ്തു. പിന്നീടാണ് സിനിമയില്‍ എത്തിയത്.
80കളിലും 90കളിലും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു ടി പി മാധവന്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളിലും കളര്‍ സിനിമകളുടെ കാലത്തും ടി പി മാധവന്‍ നിറഞ്ഞുനിന്നു. 600-ലധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. വില്ലന്‍ കഥാപാത്രം ചെയ്താണ് സിനിമയില്‍ അരങ്ങേറ്റം പിന്നീട് ഹാസ്യ വേഷങ്ങളും ചെയ്തു. തുടര്‍ന്ന് ഗൗരവമുള്ള വേഷങ്ങളിലേക്കും മാറി. 1975-ല്‍ പുറത്തിറങ്ങിയ രാഗം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രമായി പുറത്ത് വന്നത്. 2015 ലാണ് അദ്ദേഹം സിനിമയില്‍ നിന്നും വലിയൊരു ബ്രെക്കിട്ട് മാറി നിന്നത്.
1994-1997 കാലഘട്ടത്തില്‍ താരസംഘടനയായ അമ്മയുടെ സെക്രട്ടറിയും 2000-2006 കാലഘട്ടത്തില്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. പത്ത് വര്‍ഷത്തോളമാണ് അദേഹം ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നത്. പതിനേഴോളം ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു. 2016-ല്‍ പുറത്തിറങ്ങിയ മാല്‍ഗുഡി ഡേയ്‌സ് ആണ് ഏറ്റവും അവസാനം വന്ന സിനിമ.
സിനിമാമോഹം കാരണം വിവാഹ ജീവിതം വിവാഹമോചനത്തില്‍ കലാശിച്ചു. അദ്ദേഹത്തിന്റെ മകന്‍ രാജകൃഷ്ണ മേനോന്‍ ബോളിവുഡിലെ ശ്രദ്ധേയനായ സംവിധായകനാണ്. കൊല്ലം പത്തനാപുരത്തെ ഗാന്ധിഭവനിലാണ് അവസാന നാളുകളില്‍ അദ്ദേഹം താമസിച്ചിരുന്നത്.