ടൂറിസ്റ്റ് ബസുകളുടെ കളർ കോഡ് പിൻവലിക്കാൻ നീക്കവുമായി ഗതാഗത വകുപ്പ്

ഒമ്പതുപേർ മരിച്ച വടക്കഞ്ചേരി ബസ് അപകടത്തെ തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്. മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധപതിയുന്ന വെള്ളനിറമാണ് ടൂറിസ്റ്റ് ബസുകൾക്ക് മോട്ടോർവാഹനവകുപ്പ് നിർദേശിച്ചത്.

author-image
Anagha Rajeev
New Update
x
Listen to this article
0.75x 1x 1.5x
00:00 / 00:00

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളിലെ കളർ കോഡ് സംവിധാനത്തിൽ ഇളവുവരുത്താനുള്ള നീക്കവുമായി കേരള ഗതാഗത വകുപ്പ്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് റോഡ് സുരക്ഷയുടെ പേരിൽ ടൂറിസ്റ്റ് ബസ്സുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്. ഈ തീരുമാനമാണ് സർക്കാർ പിൻവലിക്കാനൊരുങ്ങുന്നത്. ജൂലായ് ആദ്യവാരം ചേരുന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും.

ഒമ്പതുപേർ മരിച്ച വടക്കഞ്ചേരി ബസ് അപകടത്തെ തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്. മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധപതിയുന്ന വെള്ളനിറമാണ് ടൂറിസ്റ്റ് ബസുകൾക്ക് മോട്ടോർവാഹനവകുപ്പ് നിർദേശിച്ചത്. റൂട്ട് ബസുകൾക്ക് ഏകീകൃതനിറം ഏർപ്പെടുത്തിയതിന്റെ ചുവടു പിടിച്ചായിരുന്നു ടൂറിസ്റ്റ് ബസുകൾക്കും കളർകോഡ് കൊണ്ടുവന്നത്.

കളർ കോഡ് സംവിധാനത്തിനെതിരേ ടൂറിസ്റ്റ് ബസ്സുടമകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും റോഡ് സുരക്ഷ കണക്കിലെടുത്ത് എസ്.ടി.എ. തീരുമാനം അംഗീകരിക്കുകയായിരുന്നു. വടക്കഞ്ചേരി അപകടത്തെത്തുടർന്ന് ബസുകളിലെ അനധികൃത ലൈറ്റുകളും ശബ്ദസംവിധാനവും നീക്കിയിരുന്നു. നിയന്ത്രണങ്ങൾ ബസ് മേഖലയെ ബാധിച്ചതായി ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനകൾ ആരോപിച്ചിരുന്നു. അന്നത്തെ ഗതാഗതമന്ത്രി ആന്റണി രാജുവും മോട്ടോർവാഹനവകുപ്പും റോഡ് സുരക്ഷ കണക്കിലെടുത്ത് ഇളവ് നിഷേധിച്ചു.

 മന്ത്രി മാറിയതോടെ മോട്ടോർവാഹവനകുപ്പിന്റെ നിലപാടും മാറി. ടൂറിസ്റ്റ് ബസുകൾക്ക് കളർ നൽകുന്നതിനെ മന്ത്രി ഗണേഷ്‌കുമാർ പരസ്യമായി അനുകൂലിച്ചതോടെയാണ് വകുപ്പ് മലക്കംമറിഞ്ഞത്. മോട്ടോർവാഹനവകുപ്പിന്റെ ശുപാർശയായി കളർമാറ്റവും എസ്.ടി.എ. അജൻഡയിൽ ഇടംപിടിച്ചു. 

kerala motor vehicle department tourist bus