തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സംസ്ഥാനത്തു നിന്നുള്ള എം പിമാരുടെ യോഗം ഇന്ന് ചേരും.രാവിലെ തൈക്കാട് ഗസ്റ്റ് ഹൌസിൽ ചേരുന്ന യോഗത്തിന്റെ പ്രധാന അജണ്ട വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം ലഭ്യമാക്കുക എന്നതാണ്.
ഈ മാസം 25ന് ലോകസഭാ സമ്മേളനം ചേരുന്നതിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്തത്. കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ എം പിമാരോട് ആവശ്യപ്പെടും വയനാട് ദുരന്തത്തിൽ കേന്ദ്രത്തോട് പുനരധിവാസത്തിനും മറ്റുമായി അധിക സഹായം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതുവരെ അനുവദിക്കാത്തതിനെതിരെ ഒരുമിച്ചു മുന്നേറണമെന്ന ആവശ്യം മുഖ്യമന്ത്രി യോഗത്തിൽ ഉന്നയിക്കും.ഇതിനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനം .
വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള വിജിഎഫ് തുക തിരിച്ചടയ്ക്കണമെന്നുള്ള കേന്ദ്ര നിലപാട് തിരുത്തുക ശബരിമല റെയിൽ പാത അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ഉന്നയിക്കും കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ചേർന്ന യോഗത്തിൽ സുരേഷ് ഗോപിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല.