തൃശൂര്‍: ആന എഴുന്നള്ളിപ്പ് ബന്ധപ്പെട്ട ഹൈക്കോടതിയുടെ പുതിയ മാര്‍നിര്‍ദേശങ്ങള്‍ തൃശൂര്‍ പൂരത്തെ പ്രതിസന്ധിയിലാക്കുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍. എഴുന്നള്ളിപ്പിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ തൃശൂര്‍ പൂരം നടത്താനാകില്ലെന്ന് ഗിരീഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ്ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി നിര്‍ദേശം വന്നത് .
അതേസമയം, ഹൈക്കോടതിയുടെ വ്യവസ്ഥകള്‍ പാലിച്ചാല്‍ തൃശൂര്‍ പൂരം നടത്താന്‍ സാധിക്കില്ലെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മഠത്തില്‍വരവും തെക്കോട്ടിറക്കവും നടത്താന്‍ കഴിയില്ലെന്ന് ഗിരീഷ് കുമാര്‍ വ്യക്തമാക്കി. 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പൂര ചടങ്ങുകള്‍ക്ക് ഒരു വിഭാഗത്തിനു തന്നെ 150-ല്‍ ഏറെ ആനകള്‍ വേണ്ടിവരും. ഉത്സവങ്ങളെ ഇല്ലാതാക്കാന്‍ ഇറങ്ങിയ എന്‍ജിഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തില്‍ ഹൈക്കോടതി പറയുന്ന തരത്തിലുള്ള നിര്‍ദേശം പാലിച്ചാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആചാരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പൂരം, പൂരപ്രേമികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ നടത്താന്‍ സാധിക്കില്ലെന്ന് റവന്യൂ മന്ത്രി കെ. രാജനും വ്യക്തമാക്കി. നാട്ടാന പരിപാലന ചട്ടത്തിന്റെ പുതിയ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 20-ാം തീയതി തന്നെ വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പൂരപ്രേമി സംഘം കണ്‍വീനര്‍ വിനോദ് കണ്ടേന്‍കാവിലും ആവശ്യപ്പെട്ടു. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ വന്നാല്‍ പൂരം എഴുന്നള്ളിപ്പ് നടക്കില്ല. പൂരം അട്ടിമറിക്കാന്‍ ലക്ഷ്യമിടുന്ന വിദേശ ശക്തികള്‍ അടക്കമുള്ളവരുടെ നീക്കമുണ്ടെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു.
എഴുന്നള്ളത്തിന് എത്തുന്ന ആനകളും ജനങ്ങളും തമ്മില്‍ എട്ടു മീറ്റര്‍ അകലവും ബാരിക്കേഡും വേണമെന്നത് ഉള്‍പ്പടെ കര്‍ശന വ്യവസ്ഥകളാണ് കോടതി കഴിഞ്ഞ ദിവസം മുന്നോട്ടുവെച്ചത്. ക്ഷേത്രാങ്കണത്തിലടക്കം ജനങ്ങളില്‍ നിന്ന് എട്ടുമീറ്റര്‍ അകലം പാലിക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ ആനകളെ ഉത്സവത്തിന് അനുവദിക്കാവുവെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. നാട്ടാനകളുമായി ബന്ധപ്പെട്ട് സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ കര്‍ശന ഇടപെടല്‍.