തൃശ്ശൂർ പൂരം കലക്കൽ വിവാദം; അടിയന്തര പ്രമേയ ചർച്ചയ്ക്ക് തയ്യാറായി സർക്കാർ

12 മണി മുതൽ രണ്ടുമണിക്കൂറാണ് നിയമസഭയിൽ ചർച്ച. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

author-image
anumol ps
New Update
niy

തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കൽ വിവാദത്തിൽ അടിയന്തര പ്രമേയത്തിന്മേൽ ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ. പ്രതിപക്ഷമാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. 12 മണി മുതൽ രണ്ടുമണിക്കൂറാണ് നിയമസഭയിൽ ചർച്ച. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പോലീസ് അന്വേഷണം പ്രഹസനമാണെന്നും ജുഡീഷ്യൽ അന്വേഷണം വേണം എന്നുമാണ് പ്രമേയത്തിലൂടെ പ്രതിപക്ഷം ഉന്നയിക്കുന്നത്.

സഭാസമ്മേളനം ആരംഭിച്ച് തുടർച്ചയായ മൂന്നാം ദിവസമാണ് വിവാദ വിഷയങ്ങളിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയ്ക്ക് സർക്കാർ അനുമതി നൽകുന്നത്. പി.ആർ. വിവാദവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിനായിരുന്നു ആദ്യം അനുമതി നൽകിയത്. എന്നാൽ ബഹളം കാരണം സഭ അന്ന് പിരിഞ്ഞു. എ.ഡി.ജി.പി. അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ വിവാദ കൂടിക്കാഴ്ചയിലായിരുന്നു ചൊവ്വാഴ്ച ചർച്ച. മൂന്നേമുക്കാൽ മണിക്കൂർ ചർച്ചയ്ക്കുശേഷം പ്രമേയം സഭ തള്ളി.

മൂന്നാംദിവസവും പ്രതിപക്ഷ ആവശ്യം സർക്കാർ അം​ഗീകരിക്കുന്ന അത്യപൂർവ്വ കാഴ്ചയാണ് സഭയിൽ ഉണ്ടായിരുക്കുന്നത്. വിഷയം ചർച്ചയ്ക്കു വരുമ്പോൾ സിപിഐ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്. ആരോ​ഗ്യപ്രശ്നങ്ങൾ കാരണം മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച സഭയിൽ എത്തിയിട്ടില്ല. മന്ത്രി എം.ബി. രാജേഷാകും അടിയന്തര പ്രമേയ ചർച്ചയിൽ മറുപടി നൽകുക.

thrissur pooram controversy