കൊച്ചി: തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയത് മുൻകൂട്ടിയുള്ള കൃത്യമായ ആസൂത്രണത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർഎസ്എസ്- സിപിഎം അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും ആഭ്യന്തരവകുപ്പിന്റെ ക്രിമിനൽ വത്കരണത്തിനെതിരെയും കെപിസിസി ആഹ്വാനപ്രകാരം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രഖ്യാപിക്കപ്പെട്ട പ്രതിഷേധ കൂട്ടായ്മയുടെ ജില്ലാതല കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂരത്തിന്റെ മൂന്ന് ദിവസം മുൻപ് എഡിജിപി ഉണ്ടാക്കിയ പ്ലാൻ പ്രകാരമാണ് പൂരം അലങ്കോലപ്പെടുത്തിയത്. ഇതിനായി ബ്ലു പ്രിന്റ് ഉണ്ടാക്കിയ ആളാണ് എംആർ അജിത് കുമാർ. ഇക്കാര്യം അന്വേഷിക്കുന്നതാകട്ടെ അജിത് കുമാർ തന്നെ. ഇതിലും വലിയ തമാശ ഉണ്ടോയെന്നും വിഡി സതീശൻ ചോദിച്ചു. കേരളത്തിൽ സിപിഐഎം - ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. ബിജെപിയുടെ സംഘടന ചുമതലയുള്ള നേതാവിനെ മുഖ്യമന്ത്രിയും ഇപി ജയരാജനും കാണുന്നത് എന്തിനാണെന്ന് വി ഡി സതീശൻ ചോദിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കരുവന്നൂരിൽ ഇഡിയെ കണ്ടിട്ടില്ല. എല്ലാ ആരോപണങ്ങളിലും പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രിയും സിപിഎമ്മുമാണ്. കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ ഭിന്നിപ്പിച്ച് വോട്ട് നേടാൻ ശ്രമിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷമായി ഒളിച്ചു വെച്ചു. പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചുവെന്നും ദുർബലമായ അന്വേഷണ സംഘമാണുള്ളതെന്നും വി ഡി സതീശൻ പറഞ്ഞു. റിപ്പോർട്ടിലെ മൊഴികളിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം പറഞ്ഞു. ഹൈക്കോടതിയും ഇക്കാര്യം തന്നെ പറഞ്ഞു. പിവി അൻവറിന്റെ ആരോപണങ്ങളിൽ പകുതി മാത്രം അന്വേഷിക്കാമെന്നാണ് നിലപാട്. ശശിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നില്ല. സർക്കാരിന്റേത് ഇരട്ടത്താപ്പ് ആണ്. ആരോപണ വിധേയൻ തന്നെ അന്വേഷണം നടത്തുകയാണ്. എഡിജിപി എന്തിനാണ് ആർഎസ്എസ് നേതാക്കളെ കാണുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ആർഎസ്എസ് നേതാക്കളെ കണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ വേണ്ടിയാണിത്. ബിജെപിയെ സഹായിക്കാം. ഇങ്ങോട്ട് ഉപദ്രവിക്കരുത് എന്നാണ് പിണറായിയുടെ നിലപാട്. പൂരം കലക്കിയതിൽ അന്വേഷണം നടക്കുന്നില്ല എന്ന മറുപടി പൊലീസ് നൽകി. അതിന് പിന്നാലെ റിപ്പോർട്ട് നൽകി. പൊലീസ് പൂരനഗരിയിൽ അഴിഞ്ഞാടിയിട്ടും ആഭ്യന്തര മന്ത്രി അറിഞ്ഞില്ലെ. എല്ലാവരും അറിഞ്ഞാണ് പൂരം കലക്കിയത്. സുരേഷ് ഗോപിയെ പൊലീസ് ആംബുലൻസിൽ എത്തിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി ജെ വിനോദ് , ഉമാ തോമസ് , നേതാക്കളായ എൻ വേണു ഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ, എം ആർ അഭിലാഷ്, അജയ് തറയിൽ, ചാൾസ് ഡയസ്, ജോസഫ് ആന്റണി, കെ എക്സ് സേവിയർ, ദീപക് ജോയ്, സേവ്യങ്കരി, പികെ അബ്ദുറഹ്മാൻ, പി ഡി മാർട്ടിൻ, വിജു ചുളക്കൻ, സനൽ നെടിയതറ, ആന്റണി പൈയനുതറ , റാഷിദ് ഉള്ളംമ്പിള്ളി, വിവേക് ഹരിദാസ് , സേവ്യർ തായങ്കേരി , വി കെ മിനിമോൾ, കെ വി പി കൃഷ്ണകുമാർ , കെ കെ ഇബ്രാഹിംകുട്ടി , പൗലോസ് കല്ലാറയ്ക്കൽ , ടി കെ രമേശൻ, സിജോ ജോസഫ്, കെ എം കൃഷ്ണലാൽ എന്നിവർ സംസാരിച്ചു.