തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രോഗി രണ്ടു ദിവസം കുടുങ്ങിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ.രണ്ട് ലിഫ്റ്റ് ഓപ്പറേറ്റർമാർ, ഡ്യൂട്ടി സാർജൻറ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.സംഭവം അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയതിനി പിന്നാലെയാണ് സസ്പെൻഷൻ. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ, പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.
മെഡിക്കൽ കോളേജ് ഒ.പി ബ്ലോക്കിലെ ലിഫ്റ്റിലാണ് ഉള്ളൂർ സ്വദേശി രവീന്ദ്രൻ കുടുങ്ങിയത്. നടുവേദനയെ തുടർന്ന് അസ്ഥിരോഗ വിഭാഗം ഡോക്ടറെ കാണുന്നതിനാണ് രവീന്ദ്രൻ ഒ.പി വിഭാഗത്തിലെത്തിയത്. ഇവിടെയുള്ള നാലു ലിഫ്റ്റുകളിൽ തകരാറിലായ ലിഫ്റ്റിലാണ് രവീന്ദ്രൻ കയറിയത്. ശനിയാഴ്ച ഉച്ചക്ക് 12ഓടെ ലിഫ്റ്റിൽ കുടുങ്ങി. ഫോൺ തകരാറിലായതിനാൽ സംഭവം ആരെയും വിളിച്ച് അറിയിക്കാനുമായില്ല.
സംഭവം ആശുപത്രിയിലെ ആരും ശ്രദ്ധിച്ചില്ല. ലിഫ്റ്റ് ഓപ്പറേറ്റർ ലിഫ്റ്റ് ലോക്ക് ചെയ്ത് സ്ഥലംവിടുകയും ചെയ്തു. രവീന്ദ്രനെ കാണാതായതായി കുടുംബം പരാതി നൽകി അന്വേഷിച്ചുവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ ആറിന് ലിഫ്റ്റ് അറ്റകുറ്റപ്പണിക്കായി തൊഴിലാളികൾ എത്തി തുറന്നപ്പോഴാണ് അകത്ത് കുടുങ്ങിക്കിടക്കുന്ന രവീന്ദ്രനെ കണ്ടത്.