തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ വരുമാനമുള്ള സ്റ്റേഷനാണ് തിരുവനന്തപുരംസെൻട്രൽ റെയിൽവേ സ്റ്റേഷൻ. കഴിഞ്ഞ സാമ്പത്തിക വർഷം 262 കോടി രൂപയാണ് നേടിയത്.ഇപ്പോഴിതാ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ രൂപം മാറാൻ പോകുകയാണ്.റെയിൽവേ സ്റ്റേഷന്റെ നവീകരണവുമായി ബന്ധപ്പെട്ട കരാർ കെ-റെയിൽ ആർ.വി.എൻ.എല്ലിനാണ്. 42 മാസംകൊണ്ട് പൂർത്തിയാക്കണമെന്നാണ് കരാർ.
നവീകരണപദ്ധതിയുടെ ചെലവ് 439 കോടി രൂപയാണ്.ആധുനിക സംവിധാനങ്ങളോടെ കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിപ്രകാരമാണ് നവീകരണം.നിർമാണജോലികൾ ഉടൻ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. വർക്കല റെയിൽവേ സ്റ്റേഷൻ നവീകരണം ഏറ്റെടുത്തതും കേരള റെയിൽ ഡിവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡും(കെ-റെയിൽ)റെയിൽ വികാസ് നിഗം ലിമിറ്റഡു(ആർ.വി.എൻ.എൽ.)മാണ്.മാത്രമല്ല 27 റെയിൽവേ മേല്പാലങ്ങളുടെ നിർമാണവും ഇവർക്കാണ്.
തലസ്ഥാന നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ.പൈതൃകമന്ദിരത്തിന്റെ വാസ്തുശാസ്ത്ര പ്രത്യേകതകൾ അതേപടി നിലനിർത്തിയാകും പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത്.തെക്കുവടക്ക് ഭാഗങ്ങളിലായിരിക്കും പുതിയവയുടെ നിർമാണം.വിമാനത്താവളങ്ങൾക്കു സമാനമായ സൗകര്യത്തോടെയുള്ള ഇരിപ്പിടങ്ങളാണ് നവീകരണപദ്ധതിയുടെ പ്രധാന പ്രത്യേകത. പുറപ്പെടുന്നവർക്കും എത്തിച്ചേരുന്നവർക്കും പ്രത്യേക ലോഞ്ചുകളാകും പദ്ധതിപ്രകാരം നിർമ്മിക്കുക.ഒപ്പം ലിഫ്റ്റ്, എസ്കലേറ്ററുകൾ എന്നിവയും നിർമിക്കും.
അനാവശ്യ തിരക്കു കുറയ്ക്കാൻ ട്രെയിൻ പുറപ്പെടുന്നതിനു തൊട്ടുമുമ്പ് നിശ്ചിതസമയത്ത് യാത്രക്കാർക്ക് പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കാമെന്ന തരത്തിൽ ചില നിയന്ത്രണങ്ങളും ഉണ്ടാകും.അതെസമയം ട്രെയിൻ വിവരങ്ങൾ അറിയാൻ കൂടുതൽ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്നതും പദ്ധതിയിലുണ്ട്.മാത്രമല്ല അക്വാ ഗ്രീൻ നിറത്തിലാകും മേൽക്കൂര.ഒപ്പം ആനത്തലയുടെ രൂപമുള്ള തൂണുകളും റെയിൽവേയുടെ പുതിയ രൂപരേഖയിലുണ്ട്.റെയിൽവേ സ്റ്റേഷനിലെത്തുന്ന 400 കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും സൗകര്യപ്രദമായ മൾട്ടിലെവൽ കാർ പാർക്കിങ് സൗകര്യം കൂടി ഉൾപ്പെടുത്തിയാകും നവീകരണം.