തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എ.ഡി.ജിപി എംആർ അജിത്ത്കുമാറിൻറെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൻറെ റിപ്പോർട്ട് തള്ളി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ.അന്വേഷണ റിപ്പോർട്ട് ഇങ്ങനെ ആകുമെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പ്രതികരിച്ചു.
പൂരത്തിൻറെ തുടക്കം മുതലേ പാളിച്ചകൾ മനസ്സിലായിരുന്നു. ഏറ്റവും കൂടുതൽ കച്ചവടം കിട്ടുന്ന പൂരം സാമ്പിൾ ദിവസം പ്രദർശനത്തിലെ കടകൾ പൊലീസ് വന്ന് ബലമായി അടപ്പിച്ചു.അവിടെ ചുമതയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയാതെയായിരുന്നു പൊലീസുകാർ വന്ന് കടകൾ അടപ്പിച്ചത്. പൂരം പ്രദർശനത്തിന് മുൻ വർഷത്തെ അപേക്ഷിച്ച് 20000 ടിക്കറ്റ് കുറവ് വന്നു. അതൊരു ടെസ്റ്റ് ഡോസ് ആയിരുന്നു. അതുകഴിഞ്ഞ് ആനകളുടെ വിഷയം വന്നു. ആളുകൾ 50 മീറ്റർ മാറിനിൽക്കണമെന്ന് പറഞ്ഞു. ഒരു ദിവസം കാലത്ത് മുതൽ ഇരു ദേവസ്വങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാക്കി.
ഭഗവാനെയും ഭഗവതിയെയും ആദരിക്കുന്ന സമയത്ത് കയറുമായി എത്തി പൊലീസുകാർ തടഞ്ഞു. ആനകളെ തടയുന്ന കാര്യത്തിൽ എൻ.ജി.ഒയുടെ വലിയ ഫണ്ട് ഉണ്ട്. വലിയ ഗൂഢാലോചന പൂരം കലക്കാൻ നടന്നു. മുൻ വർഷങ്ങളിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇക്കൊല്ലം പക്ഷേ അത് അതിരുകടന്നു. ഇക്കൊല്ലം ദേവസ്വങ്ങൾക്ക് പിടിച്ചുനിൽക്കാൻ ആയില്ല.ദേവസ്വം ഒരു ചാഞ്ഞു കിടക്കുന്ന മരമാണ്. അതിൻറെ മേൽ കയറാൻ എല്ലാവർക്കും കഴിയും. അവസാനം ദേവസ്വങ്ങളുടെ മേൽതന്നെ വരുമെന്ന് ഉത്തമവിശ്വാസം തനിക്ക് ഉണ്ടായിരുന്നുവെന്നും ഗിരീഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ എട്ടു വർഷങ്ങളായി പല ഉത്തരവുകൾ ഇറക്കി ബുദ്ധിമുട്ടിക്കുന്നുവെന്ന് പാറമേക്കാവ് സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. വനം വകുപ്പാണ് പൂരം തകർക്കാൻ മുന്നിലുള്ളത്. ജ്യുഡീഷ്യൽ അന്വേഷണത്തിൽ കാര്യമില്ല. സി.ബി.ഐ അന്വേഷണം തന്നെ വേണം. യഥാർഥ കുറ്റക്കാർ പുകമറയുടെ പിന്നിൽ നിന്ന് ചിരിക്കുന്നു. ഫോറസ്റ്റ് ജി.പി നാഗരാജ് നാരായണന് സ്വന്തമായി ലോ കോളജ് ഉണ്ട്. ജുഡീഷ്യറിയിൽ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ജുഡീഷണൽ അന്വേഷണം കൊണ്ട് കാര്യമില്ല.
പാറമേക്കാവിൻറെ ആനകൾ ചെരിഞ്ഞപ്പോൾ കൊമ്പ് ദേവസ്വത്തിന് നൽകിയില്ല, വനം വകുപ്പ് തടസ്സം നിന്നു. സ്വകാര്യ വ്യക്തിയുടെ ആന ചരിഞ്ഞപ്പോൾ കൊമ്പ് അവർക്ക് വിട്ടുകൊടുത്തു. നാരായണൻ പൂരം തകർക്കാൻ ശ്രമിച്ചു. പൂരം എക്സിബിഷൻ തറവാടക തർക്കത്തിലും സർക്കാരിൻറെ ചർച്ചകളുടെ വിശദാംശങ്ങൾ കോടതിയെ ധരിപ്പിച്ചില്ലെന്നും രാജേഷ് വ്യക്തമാക്കി.