കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് പിന്നാലെ പാർട്ടിയിലോ സർക്കാരിലോ നേതൃമാറ്റമുണ്ടാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിണറായി വിജയൻ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്.തുടർ ഭരണത്തിലേക്ക് നയിക്കാൻ നെടും തൂണായി നിന്നത് പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ എന്തൊക്കെ തിരുത്തേണ്ടതുണ്ടോ അതൊക്കെ തിരുത്തുമെന്നും മാറ്റങ്ങൾക്ക് പാർട്ടി മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
പ്രകാശ് ജാവ്ദേക്കറുമായുള്ള ഇ പി ജയരാജന്റെ വിവാദ കൂടിക്കാഴ്ച ഗൗരവപൂർവ്വം പരിശോധിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അതെസമയം നവകേരള സദസ് തിരിച്ചടിയായെന്ന വിലയിരുത്തൽ എം വി ഗോവിന്ദൻ തള്ളി.നവകേരള സദസ്സ് നല്ല ഗുണം ചെയ്തു. മാധ്യമങ്ങൾ വിവാദമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഭാഗമായി വലിയൊരു ജനകീയ മുന്നേറ്റമല്ലേ ഉണ്ടായത്. അത് വോട്ടായില്ലെങ്കിൽ 33 ശതമാനം വോട്ട് കിട്ടില്ലല്ലോ. ഈ പ്രശ്നങ്ങൾക്കിടയിലും ഇത്രയും ശതമാനം വോട്ട് കിട്ടിയില്ലേ. പക്ഷേ, കിട്ടേണ്ടതെല്ലാം കിട്ടിയോ എന്ന് ചോദിച്ചാൽ കിട്ടിയില്ല, അത്രേയുള്ളൂ. അത് മനസ്സിലാക്കിയാണ് ഇനി ഇടപെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ന്യൂനപക്ഷ വർഗീയ മുന്നണിയായി മാറി. ന്യൂനപക്ഷ പ്രീണനം സംബന്ധിച്ച് സിപിഐഎമ്മിനുള്ളിൽ പ്രശ്നങ്ങളില്ല. ന്യൂനപക്ഷ പ്രീണനം ബിജെപിയുടെ പ്രചാരവേലയാണ്. ആ പ്രചാരവേല സ്വാഭാവികമായും ജനങ്ങളെ കുറച്ചൊക്കെ സ്വാധീനിക്കുന്നുണ്ടാകാം. ന്യൂനപക്ഷ സംരക്ഷണമാണ് ഇടതുപക്ഷത്തിന്റെ മുഖമുദ്രയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.ക്രിസ്തീയപ്രീണനവും മുസ്‌ലിം വിരുദ്ധതയും കേരളത്തെ സംബന്ധിച്ച് ഗൗരവമുള്ള പ്രശ്നമാണ്. തിരഞ്ഞെടുപ്പിൽ ആരു ജയിക്കുന്നു തോൽക്കുന്നു എന്നതിനെക്കാളും ഇന്ത്യയുടെയും കേരളത്തിന്റെയും ഭാവി നിർണയിക്കുന്നതിൽ മതനിരപേക്ഷതയ്ക്കുള്ള പങ്ക് വേറേ ഒന്നിനുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.