ആലപ്പുഴ: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന എം മുകേഷ് എംഎൽഎയുടെ രാജിയിൽ സിപിഐഎമ്മും സിപിഐയും രണ്ട് തട്ടിലല്ലെന്ന് ബിനോയ് വിശ്വം. എൽഡിഎഫിന് ഇക്കാര്യത്തിലെല്ലാം വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. ഇടതുപക്ഷം എന്നാൽ വെറുംവാക്കല്ല. ഇടതുപക്ഷകാഴ്ച്ചപ്പാട് ഉയർത്തിപ്പിടിക്കാൻ സിപിഐഎമ്മും സിപിഐയും പ്രതിജ്ഞാബദ്ധരാണ്. സിപിഐ-സിപിഐഎം വഴക്ക് എന്ന വ്യാമോഹം വേണ്ട എന്നും ബിനോയ് വിശ്വം ആലപ്പുഴയിൽ പറഞ്ഞു.
മുകേഷ് രാജിവെക്കണം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന സിപിഐ നേതാവ് ആനി രാജയെ ബിനോയ് വിശ്വം തള്ളി. ഇവിടുത്തെ കാര്യങ്ങൾ പറയാൻ സിപിഐക്ക് സംസ്ഥാന നേതൃത്വമുണ്ട്. കേരളത്തിലെ രാഷ്ട്രീയം പറയേണ്ടത്ത് സിപിഐ സംസ്ഥാനത്തെ സെക്രട്ടറിയാണ്. അതൊരു വ്യവസ്ഥാപിത ബോധ്യമാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
ലൈംഗികാതിക്രമ കേസിൽ ആരോപണ വിധേയൻ എന്ന നിലയിൽ ഒരു നിമിഷം പോലും അദ്ദേഹം എംഎൽഎ സ്ഥാനത്ത് തുടരാൻ പാടില്ലെന്നാണ് ആനിരാജ പറഞ്ഞത്. മുകേഷ് രാജി വെക്കാൻ തയ്യാറായില്ലെങ്കിൽ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടിരുന്നു. ആനി രാജയുടെ നിലപാടിനെ പിന്തുണച്ച് മന്ത്രി ചിഞ്ചുറാണിയും രംഗത്തെത്തിയിരുന്നു.