എം.ടിയുടെ വീട്ടിലെ മോഷണം: പാചകക്കാരിയും ബന്ധുവും പിടിയിൽ

അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 26 പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.

author-image
Vishnupriya
New Update
arrest n

കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ വീട്ടിലെ കവർച്ചയിൽ പ്രതികൾ പിടിയിൽ. വീട്ടിലെ പാചകക്കാരിയും ബന്ധുവുമാണ് പിടിയിലായത്. കിഴക്കെ നടക്കാവ് കൊട്ടാരം റോഡിലെ സിത്താര വീട്ടിലാണ് ​ദിവസം മോഷണം നടന്നത്. അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 26 പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.

കേസിൽ പ്രതികളെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോ​ദ്യം ചെയ്ത് വരികയാണ്. ആഭരണം നഷ്ടപ്പെട്ട വിവരം വെള്ളിയാഴ്ച രാവിലെത്തന്നെ പോലീസ് അറിഞ്ഞിരുന്നെങ്കിലും പരാതി രേഖാമൂലം ലഭിക്കാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തില്ല. തുടർന്ന്, രാത്രി ഒമ്പതരയോടെ എം.ടി.യുടെ ഭാര്യ എസ്.എസ്. സരസ്വതി വീട്ടിൽവെച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അർധരാത്രിയോടെ കേസെടുക്കുകയായിരുന്നു.

സെപ്‌റ്റംബർ 22-നും 30-നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പുമുറിയിലെ അലമാരയിൽ ലോക്കറിൽ വെച്ച് പൂട്ടിയ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട ആഭരണങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റ് മുപ്പത്തിയഞ്ച് പവന്റെ ആഭരണം ലോക്കറിൽത്തന്നെ ഉണ്ടായിരുന്നു.

ലോക്കറിൽനിന്ന്‌ കാണാതായ ആഭരണങ്ങൾ ബാങ്ക് ലോക്കറിലോ മറ്റോ ഉണ്ടോ എന്ന് പരിശോധിക്കേണ്ടിയിരുന്നതുകൊണ്ടാണ് പരാതി രേഖാമൂലം നൽകാൻ വൈകിയതെന്ന് വീട്ടുകാർ പോലീസിൽ അറിയിച്ചിട്ടുണ്ട്. അലമാര കുത്തിപ്പൊളിച്ചിട്ടില്ല. വീട്ടിൽ എവിടേയും കവർച്ച നടന്നതിന്റെ ലക്ഷണങ്ങളുമില്ലായിരുന്നു. അലമാര വെച്ച മുറിയിൽത്തന്നെ ഒരിടത്തുവെച്ചിരുന്ന താക്കോലെടുത്ത് അലമാര തുറന്നെന്നായിരുന്നു പോലീസിൻ്റെ പ്രാഥമിക നിഗമനം.

mt vasudevan nair theft case