കോഴിക്കോട്: ആനക്കാംപൊയിൽ നിന്നും തിരുവമ്പാടിയിലേക്ക് വരികയായിരുന്ന ബസ് കാളിയമ്പലം എത്തുന്നതിനു മുമ്പുള്ള കലുങ്കിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് അപകടത്തിൽ പരിക്കേറ്റ യാത്രക്കാരി. വണ്ടിക്ക് സൈഡ് കൊടുത്തതല്ല. മറ്റു വാഹനങ്ങളൊന്നും ആ നേരത്ത് വന്നിരുന്നില്ല. റോഡിന് വശത്തുള്ള കലുങ്കിൽ തട്ടിയാണ് ബസ് മറിഞ്ഞത്. ബസ്സിൽ എല്ലാ സീറ്റിലും ആളുണ്ടായിരുന്നുവെന്നും യാത്രക്കാരി പറഞ്ഞു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യാത്രക്കാരി.കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ രണ്ടാൾ മരിച്ചു. നിരവധി പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്.
അതേസമയം, നിലവിൽ തിരുവമ്പാടി ലിസ ആശുപത്രിയിൽ 15പേരാണ് ചികിത്സയിലുള്ളത്. 15 പേരുടെയും നില തൃപ്തികരമാണ്. കെഎംസിടി മെഡിക്കൽ കോളേജിൽ പരിക്കേറ്റ രണ്ടു പേരെ എത്തിച്ചിട്ടുണ്ട്. ശ്രീധരൻ, ഏലിയമ്മ എന്നിവരാണ് കെഎംസിടിയിൽ ചികിത്സയിലുള്ളത്. ഗുരുതരാവസ്ഥയിലുള്ള മൂന്നു പേരെ മെഡി.കോളജിലേക്ക് മാറ്റിയെന്ന് ആശുപത്രി അധികൃത4 അറിയിച്ചു. ബസിലുണ്ടായിരുന്ന കെഎസ്ആർടിസി കണ്ടക്ടർക്കും ഡ്രൈവർക്കും മറ്റു യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു.