കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം ഉടന്‍ കൊടുത്തു തീര്‍പ്പാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. സംഭരണത്തിനായി നെല്ല് കൈമാറിയാല്‍ 24 മണിക്കൂറിനകം പണം കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള സംവിധാനം സര്‍ക്കാര്‍ തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. തിരൂര്‍ ബിപി അങ്ങാടിയില്‍ സപ്ലൈകോയുടെ കീഴിലുള്ള മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റ് ആയി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇതൊന്നും ജനങ്ങളെ അറിയിക്കാതെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് സംസ്ഥാന സര്‍ക്കാര്‍. അര്‍ഹമായ വിഹിതം തരാതെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണ്. കുത്തകകളുടെ ചൂഷണത്തിന് അറുതി വരുത്താനാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടക്കമുള്ള ആധുനിക കച്ചവട രീതികളുമായി പൊതുവിതരണ വകുപ്പ് മുന്നോട്ടുപോകുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് 98 പുതിയ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം പുതുതായി 50 ഔട്ട്‌ലെറ്റുകള്‍ കൂടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു