കൊച്ചി : കുടിശികയുടെ പേരിൽ വിച്ഛേദിച്ച, കാഴ്ചപരിമിതിയുള്ള വൃദ്ധയുടെ വീട്ടിലെ കുടിവെള്ള കണക്ഷൻ പണം അടച്ചിട്ടും പുനഃസ്ഥാപിക്കാതെ വാട്ടർ അതോറിട്ടി. വകുപ്പ് മന്ത്രി ഇടപെട്ടതോടെ കണക്ഷൻ പുനഃസ്ഥാപിച്ചു.
വടക്കേക്കര ഒറവൻതുരുത്ത് കൂവപ്പറമ്പിൽ സുബ്രഹ്മണ്യൻ - ഇന്ദിര ദമ്പതികളുടെ വീട്ടിലെ കണക്ഷനാണ് വ്യാഴാഴ്ച ഉച്ചയോടെ വടക്കേക്കര കെ.ഡബ്ലിയു.എ സെക്ഷൻ ഓഫീസിലെ നാല് ഉദ്യോഗസ്ഥർ വിച്ഛേദിച്ചത്. ലോട്ടറി വില്പനക്കാരനായ സുബ്രഹ്മണ്യൻ വീട്ടിലില്ലാത്ത സമയത്താണ് അവർ എത്തിയത്. ഇന്ദിരയ്‌ക്ക് കാഴ്ചപരിമിതിയുള്ള കാര്യം സമീപവാസികൾ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കാരുണ കാട്ടാതെ കണക്ഷൻ വിച്‌ഛേദിച്ച് വാട്ടർ മീറ്റർ ഊരിവച്ചു. സുബ്രഹ്മണ്യൻ വെള്ളിയാഴ്ച വാട്ടർ അതോറിറ്റി ഓഫീസിൽ എത്തി കുടിശികയും കണക്ഷൻ പുനഃസ്ഥാപിക്കുന്നതിനുള്ള ഫീസും അടച്ചു. വെള്ളിയാഴ്ചത്തെ വില്പനയ്‌ക്ക് ലോട്ടറി വാങ്ങാൻ വച്ചിരുന്ന 4000 രൂപയാണ് അടച്ചത്. എന്നാൽ, കണക്ഷൻ പുനഃസ്ഥാപിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ലൈസൻസുള്ള പ്ളംബറെ വിളിച്ച് കണക്ഷൻ എടുത്തുകൊള്ളാനായിരുന്നു നിർദ്ദേശം. സുബ്രഹ്മണ്യൻ പ്ളംബറെ അന്വേഷിച്ച് നടന്നെങ്കിലും കിട്ടിയില്ല.
സംഭവം വിവാദമായതോടെ മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ട് കണക്ഷൻ നൽകാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ഒരു ജീവനക്കാരൻ എത്തി കണക്ഷൻ പുനഃസ്ഥാപിച്ചു.
400 ചതുരശ്ര അടി മാത്രം വിസ്തീർണമുള്ള വീട്ടിൽ അമിത വാട്ടർ ചാർജ് വരുന്നതായി സുബ്രഹ്മണ്യൻ പലതവണ പരാതി നൽകിയിരുന്നു. ഇതും ഉദ്യോഗസ്ഥർ പരിഗണിച്ചിരുന്നില്ല. കുടിശികയുണ്ടെന്നറിഞ്ഞ് രണ്ടു മാസം മുമ്പ് താൻ 2000 രൂപ അടയ്ക്കാൻ ഓഫീസിൽ എത്തിയെങ്കിലും മുഴുവൻതുകയും ഇല്ലെന്ന കാരണത്താൽ പണം സ്വീകരിച്ചില്ലെന്നും സുബ്രഹ്മണ്യൻ പറഞ്ഞു.