മലപ്പുറം: മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങളിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എം പി. മുഖ്യമന്ത്രിക്ക് മാധ്യമങ്ങൾ തന്നെ പി ആർ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് പി ആർ എജൻസിയുടെ ആവശ്യമില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. മുഖ്യമന്ത്രിക്ക് ഒരു പി ആർ ഏജൻസിയുമായും ബന്ധമില്ലെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. മലപ്പുറത്തിന്റെ വികസനത്തിന് വേണ്ടി ഇടതുപക്ഷം എന്തെല്ലാം ചെയ്തുവെന്ന് എല്ലാവർക്കും അറിയാമെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു. ഇടത് സ്വതന്ത്ര എംഎൽഎ കെ ടി ജലീലിന്റെ 'സ്വർഗസ്ഥനായ ഗാന്ധിജി' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്.
ഇടതുപക്ഷത്തെ ശക്തനായ പോരാളിയാണ് കെ ടി ജലീൽ എന്നും ചടങ്ങിൽ ജോൺ ബ്രിട്ടാസ് പറഞ്ഞു. കെ ടി ജലീൽ ഇളയ സഹോദരനാണ്. കേരളത്തിലെ മതനിരപേക്ഷ ചേരിയിലെ ശക്തനായ പോരാളിയാണ് അദ്ദേഹം. ചടങ്ങിൽ പങ്കെടുക്കാനായത് അംഗീകാരമാണെന്നും കെ ടി ജലീലിന്റെ ഭൗതികമായ വിജയമാണ് ചടങ്ങിലെ പങ്കാളിത്തമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. സ്വർഗം എന്നത് ഏവർക്കും അവകാശപ്പെട്ടതാണെന്ന് ജലീലിന്റെ പുസ്തകം വിളിച്ചു പറയുന്നു.