ഫണ്ട് ശേഖരണത്തിനെതിരെയുള്ള ഹർജി തള്ളി ഹൈക്കോടതി

അതേസമയം കോടതിയുടെ സമയം പാഴാക്കിയതിനും രൂക്ഷവിമർശനമുണ്ടായി. ഇരകൾക്ക് പ്രയോജനം കിട്ടുന്നതിനായി ഏതെങ്കിലും സ്വകാര്യവ്യക്തികൾ പിരിവ് നടത്തുന്നത് തടയുന്ന നിയമമുണ്ടോയെന്ന് അഭിഭാഷകനായ ഹർജിക്കാരനോട് കോടതി ചോദിച്ചു.

author-image
Anagha Rajeev
New Update
kerala
Listen to this article
0.75x 1x 1.5x
00:00 / 00:00

വയനാട് ഉരുൾപൊട്ടലിൽ ശേഖരിക്കുന്ന ഫണ്ട് സമാഹരണത്തില്‍ നിയന്ത്രണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, വി എം ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഹര്‍ജിക്കാരന്‍ 25,000 രൂപ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു.

സിനിമാ താരവും അഭിഭാഷകനായ സി ഷുക്കൂര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയാണ്. സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സ്വകാര്യ വ്യക്തികളും സംഘടനകളും ശേഖരിച്ച ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹർജിയിൽ പറയുന്നു.

ഫണ്ടിന്റെ ദുരുപയോഗം തടയണം. ഇതുവരെ പിരിച്ച ഫണ്ട് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്നത് സര്‍ക്കാര്‍ തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഫണ്ടുകളില്‍ കര്‍ശന മേല്‍നോട്ടവും ഓഡിറ്റും വേണം. ഫണ്ട് ശേഖരണം കേന്ദ്രീകൃത സംവിധാനത്തിന് കീഴിലാക്കണമെന്നുമായിരുന്നു പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം.

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ ദുരിതാശ്വാസത്തിനായി സർക്കാരിലൂടെ അല്ലാതെ ശേഖരിക്കുന്ന ഫണ്ട് ഉദ്ദേശിച്ച ഗുണഭോക്താക്കളിൽ എത്തുന്നില്ലെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. ഫണ്ട് ദുരുപയോഗം ചെയ്‌തതിന്‌ കൃത്യമായ ഉദാഹരങ്ങളൊന്നും ചൂണ്ടിക്കാട്ടാൻ ഹർജിക്കാരന് ആയില്ല. ഫണ്ട് ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹർജിക്കാരൻ ജില്ലാ ഭരണകൂടത്തെയോ നിയമപാലകരെയോ സമീപിച്ച് പരാതികളൊന്നും നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം കോടതിയുടെ സമയം പാഴാക്കിയതിനും രൂക്ഷവിമർശനമുണ്ടായി. ഇരകൾക്ക് പ്രയോജനം കിട്ടുന്നതിനായി ഏതെങ്കിലും സ്വകാര്യവ്യക്തികൾ പിരിവ് നടത്തുന്നത് തടയുന്ന നിയമമുണ്ടോയെന്ന് അഭിഭാഷകനായ ഹർജിക്കാരനോട് കോടതി ചോദിച്ചു. ‘നിങ്ങളുടെ സുഹൃത്ത് ആശുപത്രിയിലാണെന്ന് കരുതുക. പണം ആവശ്യമായി വന്നാൽ നിങ്ങൾ പൊതുജനങ്ങളിൽനിന്നാണ് പണം കണ്ടെത്തുന്നത്. അതിന് എന്തെങ്കിലും നിയന്ത്രണമുണ്ടോ..അതെങ്ങനെയാണ് നിയമവിരുദ്ധ പ്രവർത്തനമാകുന്നതെന്നും കോടതി ചോദിച്ചു.

വിശ്വാസം അർപ്പിച്ച് നൽകുന്ന സംഭാവനകൾ ഇരകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത് വാങ്ങുന്നവരുടെ ഉത്തരവാദിത്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു. പൊതുതാൽപര്യ ഹർജി ഫയൽ ചെയ്യുന്നതിൽ ഹർജിക്കാരന്റെ അധികാരത്തെയും നിയമസാധുതയെയും കോടതി ചോദ്യം ചെയ്തു. ഭരണഘടനയുടെ 226-ാം അനുച്ഛേദം ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി 25000 രൂപ ദുരിതാശ്വാസനിധിയിലേക്ക് അടക്കാൻ സി ഷുക്കൂറിന് നിർദേശം നൽകിയിരിക്കുന്നത്.

kerala high court