കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായ പരിശോധിച്ചെന്ന പരാതിയിൽ നിയമ നടപടികൾ പുരോഗമിക്കെ കേസിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഉപഹർജി സമർപ്പിച്ചു. ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കുന്നതിൽ മാർഗനിർദേശങ്ങൾ വ്യക്തമാക്കി സർക്കുലർ പുറപ്പെടുവിക്കണമെന്നാണ് ആവശ്യം.
ആക്രമിക്കപ്പെട്ട നടിയുടെ ഹർജിയിലാണ് സർക്കാരിന്റെ ഉപഹർജി. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചെന്ന കേസിൽ ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ സർക്കുലറായി കീഴ്‌കോടതികൾക്ക് നൽകണമെന്നാണ് സർക്കാർ ഉന്നയിച്ച ആവശ്യം. സെഷൻസ്, മജിസ്‌ട്രേറ്റ് കോടതികൾക്ക് സർക്കുലർ ബാധകമാക്കണം. സർക്കുലർ പുറപ്പെടുവിക്കാൻ ഹൈക്കോടതി രജിസ്ട്രിക്ക് നിർദേശം നൽകണം എന്നും സർക്കാർ ഉപ ഹർജിയിൽ ആവശ്യപ്പെടുന്നു.
നേരത്തെ കേസിലെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ചതായി അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, ശിരസ്തദാർ താജുദ്ധീൻ എന്നിവരാണ് മെമ്മറി കാർഡ് പരിശോധിച്ചത്. റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യവുമായി അതിജീവിത ഹൈക്കോടതിയ സമീപിക്കുകയും ചെയ്തിരുന്നു.മജിസ്‌ട്രേറ്റ് ലീന റഷീദ് സ്വന്തം കസ്റ്റഡിയിൽ മെമ്മറി കാർഡ് സൂക്ഷിച്ചതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
2018 ജനുവരി ഒൻപതിനാണ് മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാർഡ് പരിശോധിച്ചത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹൻ 2018 ഡിസംബർ 13നും മെമ്മറി കാർഡ് പരിശോധിച്ചു. 2021 ജൂലൈ 19ന് കോടതി ശിരസ്തദാർ താജുദ്ധീൻ മെമ്മറി കാർഡ് പരിശോധിച്ചു.
മെമ്മറി കാർഡ് ഉപയോഗിച്ച വിവോ ഫോൺ ശിരസ്തദാറിന്റേതാണെന്നും റിപ്പോർട്ട് വ്യക്തമാക്കി. ശിരസ്തദാർ താജുദ്ദീൻ തന്റെ ഫോണിലാണ് ദൃശ്യങ്ങൾ കണ്ടത്. വിചാരണ കോടതിയിൽ മെമ്മറി കാർഡ് ഉപയോഗിച്ചതും ശിരസ്തദാറിന്റെ ഫോണിലാണെന്ന് ജഡ്ജ് ഹണി എം വർഗീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ 2022ൽ തൃശൂരിനും എറണാകുളത്തിനും ഇടയിൽ ഈ ഫോൺ നഷ്‌ടപ്പെട്ടുവെന്ന് പറയുന്നു. ഫോൺ നഷ്‌ടപ്പെട്ടതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകുകയോ സിം ഡീആക്ടിവേറ്റ് ചെയ്യാൻ സർവീസ് പ്രൊവൈഡറെയൊ താജുദ്ദീൻ സമീപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.