# സർക്കുലർ വായിക്കുമെന്ന് ഔദ്യോഗിക വിഭാഗത്തെ പിന്തുണക്കുന്നവർ വ്യക്തമാക്കി. അതേ സമയം ഈ നിലപാടിനെ കൂക്കിവിളിച്ചാണ് വിമതവിഭാഗം പ്രതികരിച്ചത്.
കൊച്ചി / കാക്കനാട് ഏകീകൃത കുർബാനയിൽ അന്ത്യശാസനം നൽകിക്കൊണ്ടുള്ള സീറോ മലബാർ സഭയുടെ സർക്കുലർ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ വായിച്ചില്ല. സർക്കുലർ കീറി ചവറ്റുകുട്ടയിലിട്ടും കത്തിച്ചും വിശ്വാസികൾ പലയിടത്തും പ്രതിഷേധിച്ചു. ഇടപ്പള്ളി പള്ളിയിൽ സർക്കുലറിനെ അനുകൂലിച്ചും എതിർത്തും വിശ്വാസികൾ എത്തിയതോടെ വാക്കുതർക്കം കയ്യാങ്കളിയുടെ വക്കോളമെത്തി.വാഴക്കാല, ഏളംകുളം ചർച്ചുകളിൽ പ്രതിഷേധം ശക്തമായിരുന്നു.സഭാ മേജർ ആർച്ച് ബിഷപ്പിന്റെ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു
ജൂലൈ 3 മുതൽ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാനയർപ്പണ രീതി പിന്തുരണമെന്നും അതിന് തയ്യാറാകാത്ത വൈദികര്‍ സഭക്ക് പുറത്തു പോകുമെന്നുമാണ് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്‍റെ സർക്കുലർ. എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഈ സർക്കുലർ ഇന്ന് വായിക്കണമെന്നായരുന്നു നിർദേശം. എന്നാൽ ഭൂരിഭാഗം വൈദികരും അൽമായ മുന്നേറ്റവും ജനാഭിമുഖ കുർബാന തുടരണമെന്ന നിലപാടുള്ളവരാണ്. അതുകൊണ്ട് തന്നെ സർക്കുലർ പള്ളികളിൽ വായിച്ചില്ല. പല പള്ളികളിലും സർക്കുലർ കത്തിച്ചും കീറിയെറിഞ്ഞും പ്രതിഷേധിക്കുകയും ചെയ്തു.
ഇടപ്പള്ളി പള്ളിക്ക് മുന്നിൽ കാത്തലിക് നസ്രാണി അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സർക്കുലർ വായിച്ചതും പള്ളിയിലെത്തിയ ഒരു വിഭാഗം ഈ നീക്കത്തെ എതിർത്തതും വാക്കുതർക്കത്തിനിടയാക്കി., കയ്യാങ്കളിയുടെ വക്കോളമെത്തിയെങ്കിലും പൊലീസിടപെട്ട് രംഗം ശാന്തമാക്കി. ഉദയംപേരൂർ, കാഞ്ഞൂർ ഉൾപെടെ ചില പള്ളികളിൽ സർക്കുലർ വായിക്കണെന്ന് ഒരു വിഭാഗം വിശ്വാസികൾ ആവശ്യപ്പെട്ടു. ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കം വരുംദിവസങ്ങളിലും തുടരുമെന്നുറപ്പാണ്.
എന്താണ് കുർബാന ഏകീകരണ തർക്കം?
1999 ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബാനയാണ് നിലനിൽക്കുന്നത്. കുർബാന അർപ്പിക്കുന്ന രീതിയിലാണ് തർക്കം.