കേരളത്തിലെ കൊടും ചൂടിന് കാരണം 'എൽ നിനോ'!

സംസ്ഥാനത്ത് മൺസൂൺ മഴ കുറയുകയും തത്ഫലമായി ചൂട് വർധിക്കുകയും ചെയ്യുന്നതിനു പിന്നിൽ എൽനിനോ പ്രതിഭാസമെന്ന് ലോക കാലാവസ്ഥാ സംഘടന

author-image
Greeshma Rakesh
Updated On
New Update
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00




തിരുവനന്തപുരം: വേനൽക്കാലം എത്തുന്നതിന് മുമ്പേ താപനില  ഉയരുന്ന അവസ്ഥയ്ക്കാണ് കേരളം സാക്ഷിയാകുന്നത്.സംസ്ഥാനത്ത് മൺസൂൺ മഴ കുറയുകയും തത്ഫലമായി ചൂട് വർധിക്കുകയും ചെയ്യുന്നതിനു പിന്നിൽ എൽനിനോ പ്രതിഭാസമെന്ന് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ) വാർഷിക റിപ്പോർട്ടിൽ പറയുന്നു.പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. അപ്രവചനീയമായ കാലാവസ്ഥാ വ്യതിയാനമാണ് എൽനിനോ കാരണം ഭൂമിയിലുണ്ടാകുക. 2023 ലെ ലോക കാലാവസ്ഥയെ സംബന്ധിച്ച് പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് ഗ്ലോബൽ ക്ലൈമറ്റ് റിപ്പോർട്ടിൽ കേരളം മാത്രമല്ല, അറബിക്കടലിനെ സംബന്ധിച്ചും നിരവധി മുന്നറിയിപ്പുകളുണ്ട്.

ലോകമെങ്ങും സമുദ്രജലനിരപ്പ് ഒരു വർഷം ശരാശരി 4.77 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടനയുടെ പഠനത്തിൽ പറയുന്നു. 1993–2002 കാലഘട്ടത്തെ അപേക്ഷിച്ച് കടൽജലനിരപ്പിലെ വർധന 2 മടങ്ങ് വർധിച്ചതായി ക്ലൈമറ്റ് റിപ്പോർട്ടിൽ ഡബ്ല്യുഎംഒ വ്യക്തമാക്കി.കഴിഞ്ഞ പതിറ്റാണ്ടിൽ 2.13 മില്ലിമീറ്ററായിരുന്നു ശരാശരി സമുദ്രജലനിരപ്പിലെ ഉയർച്ച.സെപ്റ്റംബർ മുതൽ അനുഭവപ്പെടുന്ന എൽനിനോ പ്രതിഭാസം മൂലം സമുദ്രജലതാപനില ക്രമാതീതമായി ഉയർന്നു. ഇത് അറബിക്കടലിൽ ഉൾപ്പെടെ ജലനിരപ്പ് നേരിയ തോതിൽ ഉയരുന്നതിനും കാരണമായി.അറബിക്കടലിൽ താപനില അസാധാരണമായി ഉയരുന്ന ഇന്ത്യൻ ഓഷ്യൻ ഡൈപോൾ എന്ന പ്രതിഭാസവും ഇതിനു പിന്നിലുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.


ബംഗാൾ ഉൾക്കടലിൽ വീശിയ മോച്ച ചുഴലി അതിശക്തമായതിനു പിന്നിലും സമുദ്ര താപനിലയിലെ വർധനയാണ്. ലോകത്തിലെ ഏറ്റവും വലിയ സമുദ്ര മേഖലയായ തെക്കൻ ഇന്ത്യൻ മഹാസമുദ്രമാണ് ഭൂമിയിലെ 32% ആഗോള താപത്തേയും ഉൾക്കൊള്ളുന്നത്. മുകളിലത്തെ 2 കി.മീ ഭാഗത്താണ് സമുദ്രം താപം ശേഖരിക്കുന്നത്. ഇത് മത്തിയും അയലയും പോലെയുള്ള മത്സ്യ സമ്പത്തിനെ ബാധിക്കും. ചൂട് കൂടി സമുദ്രത്തിലെ അമ്ലത്വം വർധിക്കുന്നതും സന്തുലനത്തെ ബാധിക്കുമെന്ന് ആശങ്കയും നിലനിൽക്കുന്നുണ്ട്.ഹരിതഗൃഹ വാതകങ്ങളായ കാർബൺ ഡയോക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് എന്നിവയുടെ അന്തരീക്ഷത്തിലെ സാന്നിധ്യവും ഏറ്റവും പുതിയ റെക്കോഡ് സൃഷ്ടിച്ചിരുന്നു. 2023 ഇതുവരെയുള്ളതിൽ വച്ചേറ്റവും ചൂടേറിയ വർഷമാണെന്നും റിപ്പോർട്ട് പറയുന്നു. നിലവിൽ കേരളത്തിൽ എല്ലാ ജില്ലകളിലും പതിവിൽ കൂടുതൽ ചൂടാണ് അനുഭവപ്പെടുന്നത്.

ചൂട് കടുത്തതോടെ 10 ജില്ലകളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ചൂട് കുത്തനെ ഉയരുന്നത്. ഇവിടങ്ങളിൽ സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ രണ്ടുമുതൽ നാല് ഡിഗ്രിവരെ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകളിൽ ചൂട് 39 ഡിഗ്രി കഴിഞ്ഞു. പാലക്കാട് ചൊവ്വാഴ്ച 39.1 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. മറ്റ് ജില്ലകളിലും ചൂട് 38 ഡിഗ്രിയോട് അടുത്തിട്ടുണ്ട്. അതിനിടെ, 20നു ശേഷം ചില ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

kerala Weather Updates heat rise temperature elnino