നെയ്യാറ്റിൻകര: പ്രായപൂർത്തിയാകാത്ത ദലിത് സഹോദരിമാരെ കാറിൽ തട്ടിക്കൊണ്ടു പോവുകയും അതിൽ ഒരു പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പൊലീസിന്റെ ഭാഗത്ത് വൻ വീഴ്ചയെന്ന് ആക്ഷേപം. പൊലീസ്, പ്രതികളെ പിടികൂടി റിമാൻഡ് ചെയ്തെങ്കിലും മാധ്യമങ്ങളുടെ മുന്നിൽ നിന്ന് മറയ്ക്കാനും വലിയ ശ്രമം നടത്തി. പൊലീസിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കണമെന്ന് കുട്ടികളുടെ ബന്ധുക്കൾ. 28ന് രാത്രി 12.30ന് ആണ് കണ്ണറവിള സ്വദേശികളായ ആദർശ് (22), പെരിങ്ങമ്മല സ്വദേശി അനുരാഗ് (22) കണ്ണറവിള സ്വദേശി അഖിൽ (21) എന്നിവർ പെൺകുട്ടിയുടെ വീട്ടിലെത്തിയത്.
അന്ന് പെൺകുട്ടിയുടെ ജന്മദിനമായിരുന്നു. സർപ്രൈസ് സമ്മാനം നൽകാൻ വന്നുവെന്ന് അറിയച്ചതിനെ തുടർന്നാണ് പെൺകുട്ടി വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. രാത്രി പുറത്തിറങ്ങാനുള്ള ഭയമുള്ളതിനാൽ ഇളയ സഹോദരിയെ കൂടി ഒപ്പം കൂട്ടി. പ്രതികൾ സമ്മാനം നൽകാനെന്ന വ്യാജേന ഇരുവരെയും കാറിൽ കയറ്റുകയായിരുന്നു. പേടിയാണെന്നും വരുന്നില്ലെന്നും പറഞ്ഞപ്പോൾ ഒന്നാം പ്രതി ആദർശ് ‘സർപ്രൈസ്’ ആണ് പേടിക്കാനൊന്നുമില്ല എന്നു പറഞ്ഞു നിർബന്ധിച്ചു കാറിൽ കയറ്റുകയായിരുന്നു.
എന്തോ ശബ്ദം കേട്ട് ഉറക്കമുണർന്ന മാതാവ് മക്കളെ കാണാതെ പരിഭാന്ത്രയായി. ഉടൻ ബന്ധുക്കളുടെ സഹായത്തോടെ പൊലീസിൽ വിവരം അറിയിച്ചുവെങ്കിലും ‘സിഐ പോയി, നാളെ രാവിലെ പരാതിയുമായി വന്നാൽ മതി’ എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് മണിക്കൂറുകൾക്ക് ശേഷം പ്രതികൾ 2 കുട്ടികളെയും വീട്ടിൽ എത്തിച്ചു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാൻ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് കഴിഞ്ഞില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. പിന്നീട് പൂവാർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടി. നെയ്യാറ്റിൻകര ഡിവൈഎസ്പിയാണ് തുടർ അന്വേഷണം നടത്തിയത്. പ്രതികളെ സംബന്ധിച്ച വിവരങ്ങൾക്കു വേണ്ടി ബന്ധപ്പെട്ടവരെ ആവർത്തിച്ചു ഫോണിൽ ബന്ധപ്പെട്ടിട്ടും ആരും പ്രതികരിച്ചില്ല. വിവരങ്ങൾ കൈമാറാൻ സ്പെഷൽ ബ്രാഞ്ച് ഉൾപ്പെടെയുള്ളവരെ അനുവദിച്ചുമില്ല. ഇത് പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയെന്നും ബന്ധുക്കൾ ആരോപിച്ചു.