തിരുവനന്തപുരം∙ സ്വർണക്കടത്തും ഹവാലയുമായി ബന്ധപ്പെട്ട്, അഭിമുഖത്തിൽ മുഖ്യമന്ത്രി നടത്തിയ ‘ദേശവിരുദ്ധ’ പരാമർശം പി.വി.അൻവർ വെളിപ്പെടുത്തിയ ഫോൺ ചോർത്തൽ ആരോപണം എന്നിവയെ കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ച ചോദ്യങ്ങൾ തൽക്കാലം ഉത്തരമില്ലാതെ തുടരും. ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്നു ഹാജരാകില്ല. സർക്കാർ അറിയാതെ ഇവരെ വിളിച്ചുവരുത്താൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ഗവർണർക്ക് മുഖ്യമന്ത്രി കത്തയച്ചു. ഇതോടെ ഗവർണർക്കും സർക്കാരിനും ഇടയിൽപെട്ട് ഉദ്യോഗസ്ഥർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. നേരിട്ടു ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രിയോട് ആവശ്യമുന്നയിക്കാനേ കഴിയൂ എന്നുമുള്ള വാദമാണ് സർക്കാർ ഉയർത്തുന്നത്.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ഉൾപ്പെടെ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശിച്ചിരുന്നത്. ഇന്നു വൈകിട്ട് നാലിനു ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനെയും കൂട്ടിയെത്താനാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരനുള്ള കത്തിൽ ഗവർണർ ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യം തള്ളുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇരു വിഷയങ്ങളിലും ഗവർണർ ആവശ്യപ്പെട്ട റിപ്പോർട്ട് സർക്കാർ ഇതുവരെ നൽകിയിട്ടില്ല.
ഫോൺ ചോർത്തൽ വിഷയത്തിൽ അടിയന്തര റിപ്പോർട്ട് തേടി മൂന്നാഴ്ച മുൻപാണ് ഗവർണർ കത്തയച്ചത്. സർക്കാരിന്റെ മറുപടി തയാറാക്കിയെങ്കിലും രാജ്ഭവനിലേക്കു കൈമാറുന്നതിനു മുൻപ് തടയുകയായിരുന്നുവെന്നാണു വിവരം.