പഴകിയ അരി വിതരണം ചെയ്തത് പഞ്ചായത്തെന്ന് മുഖ്യമന്ത്രി

പഴയതതൊന്നും കൊടുക്കാന്‍ പാടില്ല എന്ന സമീപനം സ്വീകരിച്ച സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കേണ്ട ഒരു പ്രാദേശിക ഭരണകൂടമാണ് പഴയ സാധനങ്ങള്‍ വിതരണം ചെയ്തു എന്ന് കേള്‍ക്കുന്നത്.

author-image
Prana
New Update
pinarayi.vijayan

വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരി വിതരണം ചെയ്തത് പഞ്ചായത്ത് ഭരണകൂടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഗുരുതരമായ പ്രശ്‌നം തന്നെയാണ്. എന്താണ് അവരുടെ ഉദ്ദേശമെന്ന് വിജിലന്‍സ് അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പഴയതതൊന്നും കൊടുക്കാന്‍ പാടില്ല എന്ന സമീപനം സ്വീകരിച്ച സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കേണ്ട ഒരു പ്രാദേശിക ഭരണകൂടമാണ് പഴയ സാധനങ്ങള്‍ വിതരണം ചെയ്തു എന്ന് കേള്‍ക്കുന്നത്.
അന്വേഷണം നടക്കുന്നതുകൊണ്ട് വിശദാംശങ്ങളിലേക്ക് പോകുന്നില്ല. ഏതായാലും സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചേലക്കരയില്‍ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
അതേസമയം വയനാട്ടില്‍ പഴകിയ അരി വിതരണം ചെയ്തത് പ്രാദേശിക ഭരണകൂടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മേപ്പാടി പഞ്ചായത്താണ് ഉത്തരവാദി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മേപ്പാടി പഞ്ചായത്ത് ഒരു ഭക്ഷ്യസാധനവും കൊടുത്തിട്ടില്ല. എല്ലാം റവന്യൂ അതോറിറ്റി കൊടുത്ത ഭക്ഷ്യസാധനങ്ങളാണ് വിതരണം ചെയ്തത്. ഒക്ടോബര്‍ 15 മുതല്‍ ഈ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണി കഴിയുന്നതുവരെ പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് പെരുമാറ്റച്ചട്ടം അനുസരിച്ച് ഇത് വിതരണം ചെയ്യാന്‍ പാടില്ല. അവര്‍ പൂര്‍ണ്ണമായി മാറിനില്‍ക്കുകയാണ്. പിന്നെ എങ്ങനെയാണ് ഈ മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നതെന്നും വിഡി സതീശന്‍ പ്രതികരിച്ചു.

 

rice cm pinarayivijayan chooral mala