മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഡബ്ല്യുസിസി അംഗങ്ങൾ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികളും സിനിമാ നയത്തിലെ നിലപാടും അറിയിച്ചു. റിമാ കല്ലിങ്കൽ, രേവതി, ദീദി ദാമോദരൻ, ബീനാ പോൾ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടികൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. സിനിമ നയത്തിലെ ഡബ്ല്യുസിസി നിലപാട് മുഖ്യമന്ത്രിയെ അംഗങ്ങൾ അറിയിച്ചു. ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണം, എസ്ഐടി അന്വേഷണത്തിന്റെ പേരിൽ സ്വകര്യത ലംഘനം ഉണ്ടാവരുത്, വനിതകൾക്ക് ലൊക്കേഷനിൽ സൗകര്യം ഉറപ്പാക്കണം, ഹേമ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങളും ഡബ്ല്യുസിസി മുഖ്യമന്ത്രിയെ അറിയിച്ചു.
പ്രശ്‌നപരിഹാരമെന്ന ലക്ഷ്യമാണുള്ളതെന്നും സർക്കാരുമായി ചേർന്ന് എന്തു ചെയ്യാൻ കഴിയുമെന്നാണ് ആലോചിക്കുന്നെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം റിമാ കല്ലിങ്കൽ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ അഞ്ജലി മേനോൻ, പത്മപ്രിയ ഗീതു മോഹൻദാസ് തുടങ്ങിയവരെ ഡബ്ല്യുസിസി ചുമതലപ്പെടുത്തിയിരുന്നു. ഇവർ രൂപപ്പെടുത്തിയ നിർദേശങ്ങളാണ് സർക്കാരിനു മുൻപിൽ ഇവർ സമർപ്പിച്ചത്.