അപകടസമയത്ത് കാറിന് ഇന്‍ഷുറന്‍സ് ഇല്ല, പുതുക്കിയത് പിറ്റേന്ന്

കെ.എല്‍. 23 ക്യൂ. 9347 എന്ന നമ്പറിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് ഈ വാഹനം. കഴിഞ്ഞ ഡിസംബറില്‍ കാറിന്റെ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞിരുന്നു.

author-image
Prana
New Update
kollam accident
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രിക കാര്‍ കയറിയിറങ്ങി മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍. അപകടസമയത്ത് കാറിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു. പിന്നീട് അപകടം നടന്നതിന്റെ പിറ്റേദിവസമാണ് ഇന്‍ഷുറന്‍സ് പുതുക്കിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 15നാണ് മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ അപകടമുണ്ടായത്. സ്‌കൂട്ടര്‍ യാത്രികയായ കുഞ്ഞുമോളെ കാര്‍ ഇടിച്ചിടുകയായിരുന്നു. ഇതിന് ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കി നിര്‍ത്താതെപോയി. സംഭവത്തില്‍ കാറോടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍, ഇയാളുടെ സുഹൃത്തും ഡോക്ടറുമായ ശ്രീക്കുട്ടി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടസമയത്ത് അജ്മലും ശ്രീക്കുട്ടിയും മദ്യലഹരിയിലായിരുന്നു.
കെ.എല്‍. 23 ക്യൂ. 9347 എന്ന നമ്പറിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് ഈ വാഹനം. കഴിഞ്ഞ ഡിസംബറില്‍ കാറിന്റെ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞിരുന്നു. എന്നാല്‍, അപകടം സംഭവിച്ചതിന്റെ തൊട്ടടുത്തദിവസം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് തുടര്‍പോളിസി ഓണ്‍ലൈന്‍ വഴി പുതുക്കി. സെപ്റ്റംബര്‍ 16 മുതല്‍ ഒരുവര്‍ഷത്തേക്കാണ് ഇന്‍ഷുറന്‍സ് പോളിസി പുതുക്കിയത്. അതേസമയം, അപകടസമയത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ ഇനി കേസില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് കാറോടിച്ചയാളുടെയും വാഹന ഉടമയുടെയും ബാധ്യതയാണ്. ഇവരില്‍നിന്നായിരിക്കും നഷ്ടപരിഹാരം ഈടാക്കുക.

car insurance accident death