ആലപ്പുഴ: കലവൂരിൽ മരിച്ച കടവന്ത്ര സ്വദേശി സുഭദ്രയെ പ്രതികൾ കൊലപ്പെടുത്തിയത് ദീർഘമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ്. കടം വാങ്ങിയ പണത്തെച്ചൊല്ലി ഇടഞ്ഞ സുഭദ്രയെ അനുനയിപ്പിച്ച് വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് വിലയിരുത്തൽ. പ്രതികളായ മാത്യൂസിനും ശർമിളയ്ക്കും വേണ്ടി പൊലീസ് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. അതേസമയം സുഭദ്രയെ അറിയാമെന്ന് മാത്യൂസിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. മാത്യൂസും ശർമിളയും തമ്മിലുള്ള വിവാഹത്തിന് മുൻകൈയെടുത്തത് സുഭദ്രയാണ്. മകനെപ്പറ്റി മാസങ്ങളായി ഒരു വിവരവും ഇല്ലെന്നും മാത്യൂസിന്റെ മാതാപിതാക്കൾ പറഞ്ഞു.
മാത്യൂസ് ശർമിളയെ വിവാഹം കഴിച്ചപ്പോൾ സുഭദ്ര വീട്ടിൽ വന്നിരുന്നു. ആന്റി എന്നാണ് സുഭദ്രയെ ശർമിള പരിചയപ്പെടുത്തിയത്. ആരുമില്ലാത്ത അനാഥക്കൊച്ചല്ലേ എന്നു വിചാരിച്ചായിരുന്നു വിവാഹത്തിന് സമ്മതിച്ചതെന്ന് മാത്യൂസിന്റെ അമ്മ പറഞ്ഞു. മാത്യൂസും ശർമിളയും സ്ഥിരം മദ്യപാനികളായിരുന്നു.ശർമിള മദ്യപിച്ച് മാത്യൂസിന്റെ പിതാവിനെ ചീത്ത വിളിക്കുകയും, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്ന് അമ്മ പറയുന്നു.
വിവാഹത്തിന് മുമ്പ് സുഭദ്ര വീട്ടിൽ വന്നിരുന്നു. വിവാഹം എറണാകുളത്തു വെച്ചു നടത്തണമെന്ന് പറഞ്ഞു. കല്യാണം കഴിഞ്ഞ് പിന്നീട് ഒരു ദിവസം വന്നു. ശർമിള വാങ്ങിയ 3000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സുഭദ്ര വീട്ടിൽ വന്ന് വഴക്കുണ്ടാക്കി. 7000 രൂപ വീട്ടിൽ നിന്നും വാങ്ങിക്കൊണ്ടുപോയി. മാത്യൂസിന്റെ കൈക്ക് പരിക്കുണ്ടായിരുന്നു. വെട്ടേറ്റ് മൂന്നു ഞരമ്പു മുറിഞ്ഞുപോയിരുന്നു. അത് ശർമിള വെട്ടിയതാണെന്നാണ് പരിസരവാസികൾ പറഞ്ഞ് അറിഞ്ഞതെന്നും മാത്യൂസിന്റെ മാതാപിതാക്കൾ പറഞ്ഞു.
കൊലപാതകത്തിനു ശേഷം മാത്യൂസും ശർമിളയും ആലപ്പുഴയിലെ തുറവൂരിലെ വീട്ടിലും താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. തുറവൂരിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ആലപ്പുഴയ്ക്ക് പുറമെ, ഉഡുപ്പിയിലും പ്രതികൾ സ്വർണം പണയം വെച്ചതായും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ലൊക്കേഷൻ അവസാനമായി ലഭിച്ചത് ഉഡുപ്പിയിൽ നിന്നാണ്. എന്നാൽ ഉഡുപ്പിയിൽ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.