ആ കണക്ക് ആകെ ചെലവഴിച്ച തുകയോ നഷ്ടമോ അല്ല: മുഖ്യമന്ത്രിയുടെ ഓഫീസ്

വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് പുറത്തുവന്ന കണക്കുകള്‍ സംബന്ധിച്ച് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ക്ലെയിം ചെയ്യാവുന്ന തുകയുടെ ഏകദേശ കണക്കാണ്.

author-image
Prana
New Update
cm pinarayi  narendra modi
Listen to this article
0.75x 1x 1.5x
00:00 / 00:00

വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് പുറത്തുവന്ന കണക്കുകള്‍ സംബന്ധിച്ച് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ചൂരല്‍മല ദുരന്തത്തിന് പിന്നാലെ ആകെ ചെലവഴിച്ച തുകയോ, നഷ്ടമോ അല്ല പുറത്തുവന്ന കണക്കുകളെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ക്ലെയിം ചെയ്യാവുന്ന തുകയുടെ ഏകദേശ കണക്കാണ്. മെമ്മറോണ്ടം എന്നത് ഒരു ദുരന്തഘട്ടത്തില്‍ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടര്‍ന്ന് നടത്തുന്ന രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ളവയുടെ ചെലവുകള്‍ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകള്‍ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവര്‍ത്തനവും പുനരധിവാസവും ഉള്‍പ്പെടെ മുന്നില്‍ക്കണ്ട് തയ്യാറാക്കുന്ന നിവേദനമാണെന്നാണ് വിശദീകരണം.
ദുരന്തത്തില്‍ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. അതില്‍ വിവിധ വിഷയങ്ങള്‍ക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആ കണക്കുകളെ, ദുരന്തമേഖലയില്‍ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ തെറ്റായി അവതരിപ്പിക്കുന്നത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം നേടാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇത്.
മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച മെമ്മോറാണ്ടമാണ് ഹൈക്കോടതിയില്‍ നല്‍കിയത്. ആ മെമ്മോറാണ്ടത്തെ ഉദ്ധരിച്ചുകൊണ്ട് തെറ്റായ രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കണക്കുകളും ബില്ലുകളും പെരിപ്പിച്ചു കാട്ടി എന്നും മറ്റുമുള്ള പ്രചാരണമാണ് നടക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണ്. വയനാടിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ദുരന്തബാധിതര്‍ക്ക് അര്‍ഹതപെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമായി വേണം ഇതിനെ കാണുവാന്‍.

central government chief minister pinarayi vijayan wayanad rehabilitation