കൊച്ചി: സംസ്ഥാനത്തെ പൊതുമേഖലാ സഹകരണ ടെക്സ്റ്റൈൽസ് സ്പിന്നിംഗ് മില്ലുകളിലെ തൊഴിലാളികൾക്ക് നിയമാനുസൃത നിരക്കിലുള്ള ബോണസിനോടൊപ്പം അറ്റന്റൻസ് ഇൻസെന്റീവ് കഴിഞ്ഞവർഷത്തേക്കാൾ ഒരു രൂപ വർദ്ധിപ്പിച്ചു നൽകുന്നതിന് തീരുമാനിച്ചു. അഡിഷണൽ ലേബർ കമ്മീഷണർ കെ ശ്രീലാലിന്റെ അധ്യക്ഷതയിൽ ചേർന്ന തൊഴിലാളി മാനേജ്മെന്റ് പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
ഇതോടെ ഏറ്റവും കുറഞ്ഞ അറ്റൻഡൻസ് ഇൻസെന്റീവ് 12 രൂപയിൽ നിന്നും 13 രൂപയായും അതിൽ കൂടുതൽ ലഭിച്ചിരുന്ന വർക്ക് അതിൽ നിന്നും ഒരു രൂപ വർദ്ധനവും ലഭിക്കുമെന്ന് അഡീഷണൽ ലേബർ കമ്മീഷണർ അറിയിച്ചു. ആനുകൂല്യങ്ങൾ ഈ മാസം 11ന് മുൻപായി വിതരണം ചെയ്യുന്നതിനും തീരുമാനമായി. തിരുവനന്തപുരം ലേബർ കമ്മീഷണറേറ്റിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെ എസ് സിന്ധു, തൊഴിലാളി സംഘടന പ്രതിനിധികളായ എം ആർ രാജൻ, അശോകൻ കെ പി ( സി ഐ ടി യു ), പി രാജു, വിജയൻ കുനിശ്ശേരി( എഐടിയുസി ), പി കെ രവീന്ദ്രനാഥ് (ബി എം എസ് ) എം സിദ്ദീഖ് ( എസ് ടി യു ) വി വി ശശീന്ദ്രൻ (ഐ എൻടിയുസി ), മാനേജ്മെന്റ് പ്രതിനിധികളായ അരുണാചലം സുകുമാർ( എംഡി കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷൻ), പി എസ് ശ്രീകുമാർ (എംഡി തൃശൂർ കോപ്പറേറ്റീവ് സ്പിന്നിങ് മിൽ), ഹോബി ബി ആർ (ജിഎം മലബാർ സ്പിന്നിങ് മിൽ ), സാജിദ് അബ്ബാസ് (യൂണിറ്റ് ഇൻ ചാർജ് പ്രഭുരാം മിൽസ്), എബി തോമസ് (യൂണിറ്റ് ഇൻ ചാർജ് കോമളപുരം സ്പിന്നിങ് മിൽ), കെ പി മുഹമ്മദ് ഷാനിഫ് ( ജി എം ടെക്സ് ഫെഡ് ) തുടങ്ങിയവരും സംബന്ധിച്ചു