കോൺഗ്രസ്സ് മാർച്ചിൽ സംഘർഷം, സംയമനം പാലിക്കണമെന്ന് നേതാക്കൾ

കോൺഗ്രസ് പ്രവർത്തകരും മറ്റു യുഡിഎഫ് പ്രവർത്തകരുമടക്കം നൂറുകണക്കിനുപേരെ അണിനിരത്തിയായിരുന്നു പാലക്കാട് എസ്‍പി ഓഫീസിലേക്കുള്ള മാർച്ച്. 

author-image
Anagha Rajeev
New Update
palakkad-march

പാലക്കാട് അർധരാത്രിയിൽ കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ പ്രതിഷേധിച്ച് യുഡിഎഫ്. കടുത്ത പ്രതിഷേധവുമായി പ്രവർത്തകർ തെരുവിലിറങ്ങി. കോൺഗ്രസ്സ് നടത്തിയ മാർച്ചിൽ സംഘർഷം ഉടലെടുത്തു. കോൺഗ്രസ് പ്രവർത്തകരും മറ്റു യുഡിഎഫ് പ്രവർത്തകരുമടക്കം നൂറുകണക്കിനുപേരെ അണിനിരത്തിയായിരുന്നു പാലക്കാട് എസ്‍പി ഓഫീസിലേക്കുള്ള മാർച്ച്. 

നൂറുകണക്കിനുപേരാണ് മാർച്ചിൽ പങ്കെടുക്കുന്നത്. മാർച്ചിൽ പൊലീസുകാർക്കെതിരെ മുദ്രാവാക്യം വിളി ഉയർന്നു. രാവിലെ 11.30ഓടെയാണ് മാർച്ച് ആരംഭിച്ചത്. മാർച്ചിന് മുന്നോടിയായി കോട്ടമൈതാനായിൽ ആയിരങ്ങളാണ് ഒത്തുകൂടിയത്. തുടർന്ന് അഞ്ചുവിളക്കിൽ നിന്ന് പ്രതിഷേധ മാർച്ച് ആരംഭിച്ചു. പൊലീസിനെതിരെ കടുത്ത പ്രതിഷേധമാണ് യുഡിഎഫ് മാർച്ചിലൂടെ ഉയർത്തിയത്. 200ലധികം പൊലീസുകാരെയാണ് എസ്‍പി ഓഫീസ് പരിസരത്ത് വിന്യസിച്ചത്.

ഇന്നലെ അർദ്ധരാത്രിയിലായിരുന്നു കോൺഗ്രസ് വനിതാ നേതാക്കൾ ഉൾപ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് റെയ്ഡ് നടത്തിയത്. പിന്നാലെ പരിശോധനയെ തുടർന്ന് മണിക്കൂറുകൾ നീണ്ട സംഘർമാണ് ഉടലെടുത്തത്. തിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് ഇന്നലെ അർധരാത്രി പൊലീസ് സംഘം ഹോട്ടലിൽ പരിശോധനക്കെത്തിയത്.

പൊലീസ് പരിശോധനയ്ക്കിടെ സിപിഎം, ബിജെപി നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. പാതിരാത്രിയിൽ മൂന്നര മണിക്കൂറോളം നേരമാണ് ഹോട്ടലിൽ നേതാക്കളും പ്രവർത്തകരും ഏറ്റുമുട്ടിയത്. വനിതാ നേതാക്കളുടെ മുറികളിൽ പൊലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോൺഗ്രസും, എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളായി.

ഹോട്ടലിലും പുറത്തും പലതവണ ഏറ്റുമുട്ടിയ പ്രവ‍ർത്തകരെ പൊലീസ് പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ ഉൾപ്പെടെയുള്ള നേതാക്കൾ പരിശോധനയിൽ എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് എഴുതി നൽകി. എന്നാൽ റെയ്ഡ് തടസപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു.

congress